 മോഡലുൾപ്പെട്ട ലഹരിക്കേസ് പൊലീസ് ഇക്കയ്ക്കും ബോസിനും പിറകെ

Monday 20 May 2024 12:58 AM IST

കൊച്ചി: കൊച്ചിയിൽ മോഡലുൾപ്പെട്ട ലഹരിക്കേസിൽ പൊലീസ് അന്വേഷണം പ്രതികളിൽ നിന്ന് കണ്ടെടുത്ത 'കണക്ക് ബുക്കിലെ' രഹസ്യപേരുകാരിലേക്ക്. ഇക്ക, ബോസ് എന്നീ പേരുകാർക്ക് നൽകാനുള്ള പണത്തിന്റെ കണക്കുകളാണ് ബുക്കിലുള്ളത്. ബംഗളൂരുവിൽ നിന്നാണ് പ്രതികൾ കൊക്കൈനുൾപ്പെടെ കൊച്ചിയിൽ എത്തിച്ച് വിറ്റിരുന്നത്. ഇക്കയും ബോസും ബംഗളൂരുവിലുള്ള ലഹരി ഇടപാടുകാരായിരിക്കാം എന്നാണ് പൊലീസ് നിഗമനം. സൂരജ്, സൽമ, വിജയ്, അഗോരി, കെപി, എമിറിറ്റസ് എന്നിങ്ങനെ ലഹരിമരുന്ന് വാങ്ങിയവരുടെ പേരുകളും കണക്ക് പുസ്തകത്തിലുണ്ട്.

അജിത്ത്, മിഥുൻ മാധവ് എന്നീ യുവാക്കളാണ് മയക്കുമരുന്ന് സംഘത്തെ നിയന്ത്രിച്ചിരുന്നത്. പൊലീസ് എത്തുന്നതിന് മുൻപ് രണ്ട് പേരും ലോഡ്ജിൽ നിന്ന് പോയിരുന്നു. ഇവരെ വൈകാതെ പിടികൂടാനാകുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണസംഘം. വരാപ്പുഴ സ്വദേശിനിയും മോഡലുമായ അൽക്ക ബോണി (22), ഇടുക്കി സ്വദേശി ആഷിഖ് അൻസാരി (22), പാലക്കാട് സ്വദേശികളായ എം.സി. സൂരജ് (26), രഞ്ജിത് (24), മുഹമ്മദ് അസർ (18), തൃശൂർ സ്വദേശി എബിൻ (18) എന്നിവരാണ് അറസ്റ്റിലായത്. കൊക്കെയ്ൻ, മെത്ത്, കഞ്ചാവ് എന്നിവയാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്. കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവർ കുടുങ്ങിയത്. കഴിഞ്ഞ 13 മുതൽ സംഘം ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു.

വീര്യം കൂടിയ കൊക്കൈയ്‌നാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്. പൊലീസ് സംഘം ലോഡ്ജിൽ എത്തുമ്പോൾ ആറുപേരും ലഹരിയുടെ ഉന്മാദത്തിലായിരുന്നു. അഞ്ച് യുവാക്കൾ കൊക്കൈയ്ൻ ഉപയോഗിച്ചെങ്കിലും അൽക്കയ്ക്ക് ഇത് നൽകിയില്ല. വീര്യം കൂടുതലായതിനാലാണ് നൽകാതിരുന്നതെന്നാണ് ഇവർ പൊലീസിനോട് വെളിപ്പെടുത്തിയത്.

അൽക്ക ബിസിനസ് പങ്കാളി

മോഡൽ അൽക്ക ബോണി മോഡലിംഗ് രംഗത്തുള്ളവർക്കും ലഹരി കച്ചവടം നടത്തിയതായാണ് സംശയിക്കുന്നത്. പങ്കാളികളായി പ്രവർത്തിച്ചതും മോഡലിംഗ് രംഗത്തെ വനിതാ സുഹൃത്തുക്കളാണെന്നും വ്യക്തമായിട്ടുണ്ട്. ''വലിയ ലാഭമാണ് ഇവരെ ഇതിലേക്ക് എത്തിച്ചത്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതാനും പേർകൂടി ലഹരിവിൽപന സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ആറ് ഫോണുകളുടെ സി.ഡി.ആർ പരിശോധിക്കും. ഇതിലൂടെ കണ്ണികളെ പൂട്ടാനാകുമെന്നാണ് കരുതുന്നത്. എളമക്കര എസ്.എച്ച്.ഒ പറഞ്ഞു. പിടിയിലായ രഞ്ജിത്ത് മൂന്ന് കൊലപാതകശ്രമ കേസുകളിലും ഒരു പിടിച്ചുപറി കേസിലും പ്രതിയാണ്. സൂരജിന് വിവിധ സ്റ്റേഷനുകളിലായി നാല് മോഷണക്കേസുകളുണ്ട്.

മൂന്നിരട്ടി ലാഭം
ഒരു ഗ്രാം മെത്താഫെറ്റമിൻ 1500 മുതൽ 3000 രൂപയ്ക്കും കൊക്കെയിൻ ഒരു ഗ്രാമിന് ആറായിരം രൂപ മുതൽ മുകളിലേക്കുമാണ് വില. ഇത് പിന്നീട് മൂന്ന് ഇരട്ടിവിലയ്ക്കാണ് ആറംഗ സംഘം വിറ്റഴിച്ചിരുന്നത്. പതിനായിരം മുതൽ അരലക്ഷം രൂപവരെയാണ് ലാഭം. ആർഭാട ജീവിതമാണ് നയിച്ചിരുന്നത്.

Advertisement
Advertisement