ഡ്യൂട്ടി സമയം കഴിഞ്ഞു, ഗുഡ്‌സ് ട്രെയിൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട് ലോക്കോ പൈലറ്റ് സ്ഥലംവിട്ടു

Monday 20 May 2024 12:11 AM IST
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ട ചരക്കുവണ്ടി

കാസർകോട്: ഡ്യൂട്ടി സമയം കഴിഞ്ഞെന്ന ന്യായത്തിൽ ലോക്കോ പൈലറ്റ് ഗുഡ്സ് ട്രെയിൻ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തി സ്ഥലംവിട്ടത്, കണ്ണൂർ, ഷൊർണൂർ ഭാഗങ്ങളിലേക്ക് പോകേണ്ടുന്ന യാത്രക്കാരെ പ്രയാസത്തിലാക്കി. രണ്ടും മൂന്നും പ്ലാറ്റ്ഫോമിലേക്ക് പോയി യാത്രക്കാർക്ക് ട്രെയിൻ കയറേണ്ടിവന്നു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം.

കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിൻ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലുടെയും മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിൻ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലൂടെയും ആണ് കടത്തിവിട്ടത്. അതേസമയം ടിക്കറ്റ് നൽകുമ്പോൾ തന്നെ യാത്രക്കാരോട് ട്രെയിൻ വരുന്ന പ്ലാറ്റ്ഫോമിന്റെ നമ്പർ പറഞ്ഞിരുന്നതായും ലിസ്റ്റും സൗകര്യങ്ങളും ഉള്ളതിനാൽ കൂടുതൽ പ്രയാസം ഉണ്ടായിരുന്നില്ലെന്നും റെയിൽവേ അധികൃതർ പറഞ്ഞു.

ഗുഡ്‌സ് ട്രെയിനിൽ നീലേശ്വരം എഫ്.സി.ഐ ഡിപ്പോയിലേക്കുള്ള വാഗണുകൾ ക്ലിയർ ചെയ്തതിനു ശേഷം ബാക്കിവന്ന വാഗണുകളാണ് ഉണ്ടായിരുന്നത്. രാവിലെ പത്ത് മണിയോടെയാണ് മംഗളൂരുവിൽ നിന്ന് മറ്റൊരു ലോക്കോ പൈലറ്റ് എത്തി ഗുഡ്‌സ് ട്രെയിൻ മാറ്റിയത്.

കണ്ണൂർ ഭാഗത്തേക്കുള്ള കോഴിക്കോട് പാസഞ്ചർ ട്രെയിൻ, മംഗളൂരു - തിരുവനന്തപുരം പരശുറാം എക്സ്‌പ്രസ്, കുർള- തിരുവനന്തപുരം നേത്രാവതി എക്സ്‌പ്രസ്, ചെന്നൈ എഗ്മോർ, മംഗളൂരു -തിരുവനന്തപുരം ഏറനാട് തുടങ്ങി നിരവധി യാത്രാ ട്രെയിനുകൾക്ക് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെക്കാണ് സിഗ്നൽ നൽകി കടത്തി വിട്ടത്.

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ സ്റ്റേഷൻ മാസ്റ്റർ വിവരം ബന്ധപ്പെട്ട മേലധികാരികളെ അറിയിച്ചതിനെ തുടർന്നാണ് മംഗളൂരുവിൽ നിന്നും ലോക്കോ പൈലറ്റിനെ അടിയന്തരമായി കാഞ്ഞങ്ങാട്ടേക്ക് അയച്ചത്.

റെയിൽവെ നടപടി വൈകും

ഡ്യൂട്ടി സമയം കഴിഞ്ഞെന്നതിന്റെ പേരിൽ ഗുഡ്സ് ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയ ലോക്കോ പൈലറ്റിനെതിരെ റെയിൽവേയുടെ നടപടി വൈകാൻ സാദ്ധ്യത. റെയിൽവേ സ്റ്റേഷനിൽ കൃത്യമായി ട്രെയിൻ എത്തിച്ചു നിർത്തിയിട്ട ശേഷമാണ് ലോക്കോ പൈലറ്റ് പോയതെന്നും രാത്രി മുഴുവൻ ജോലി ചെയ്തതിന്റെ ക്ഷീണം കാരണം അധിക ഡ്യൂട്ടി എടുക്കാൻ പ്രയാസമായതിനാലാണ് അങ്ങനെ ചെയ്തതെന്നുമാണ് വിശദീകരണം. റെയിൽവേയുടെ റൂൾ അനുസരിച്ച് ലോക്കോ പൈലറ്റ് ചെയ്തത് തെറ്റല്ലെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. റൂളിന് വിരുദ്ധമായി ഗുഡ്സ് ട്രെയിൻ ഓടിച്ചു രാത്രി അപകടം സംഭവിച്ചാൽ കുറ്റം മുഴുവൻ ലോക്കോ പൈലറ്റിന്റെ തലയിലാകുമെന്നും ഇവർ പറയുന്നുണ്ട്.

Advertisement
Advertisement