പൊട്ടിയ കൈയിൽ  കാലിന്റെ കമ്പി, കോഴിക്കോട്  മെഡി. കോളേജ്  വീണ്ടും  വിവാദക്കുരുക്കിൽ

Monday 20 May 2024 12:17 AM IST

കോഴിക്കോട്: കൈയ്ക്ക് പൊട്ടലിനുള്ള ശസ്ത്രക്രിയയിൽ കാലിന് ഇടേണ്ട കമ്പി മാറിയിട്ടുവെന്ന് ആക്ഷേപം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയാണ് വീണ്ടും വിവാദത്തിലായത്. കോതിപ്പാലം പെരിഞ്ചീരിവളപ്പിൽ പി.വി. അജിത്തിനാണ് 18ന് ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയ നടത്തിയ ഡോ. അക്ഷയ് ബാലകൃഷ്ണനെതിരെ കുടുംബം നൽകിയ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ചികിത്സാപ്പിഴവ് കണ്ടെത്തിയാൽ നടപടിയുണ്ടാവുമെന്ന് എ.സി.പി പ്രേമചന്ദ്രൻ വ്യക്തമാക്കി. മുതിർന്ന ഡോക്ടർമാരുടെ സംഘം പരിശോധിച്ചപ്പോൾ അങ്ങനെയൊരു സാദ്ധ്യതയില്ലെന്നാണ് പ്രാഥമികമായി പറയുന്നതെന്നും കമ്മിഷണർ പറഞ്ഞു.

കണ്ണഞ്ചേരിയിലുണ്ടായ ബൈക്കപകടത്തെത്തുടർന്നാണ് വലതു കെെയ്‌ക്ക് ശസ്ത്രക്രിയ നടത്തി കമ്പിയിട്ടത്. വേദന കൂടിയപ്പോൾ അനസ്‌തേഷ്യ നൽകി. രാത്രിയിൽ എക്സറേ എടുത്തു. കമ്പി പുറത്തേക്ക് തള്ളിനിൽക്കുന്നുണ്ടെന്നും നീക്കാൻ മറ്റൊരു ശസ്ത്രക്രിയ വേണമെന്നും ഡോക്ടർ നിർദ്ദേശിച്ചതായി കുടുംബം പറഞ്ഞു. അജിത്ത് മെഡി.കോളേജ് 37ാം വാർഡിൽ ചികിത്സയിലാണ്.

 ചെയ്തത് ശരിയായ ചികിത്സ: മേധാവി

കമ്പി മാറിയിട്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് അസ്ഥിരോഗ വിഭാഗം മേധാവി ഡോ. ജേക്കബ് മാത്യു. ഇത്തരം ഒടിവുമായെത്തുന്ന രോഗികൾക്ക് നൽകുന്ന ചികിത്സയും ശസ്ത്രക്രിയയുമാണ് നടത്തിയത്. മുട്ടിനു താഴെ ഒടിഞ്ഞതിനാൽ ശസ്ത്രക്രിയ നടത്തി പ്ലേറ്റ് ഇടുകയായിരുന്നു. ഈ ഒടിവിന് താഴെയുള്ള ജോയിന്റ് ഇളകിയതിനാൽ മറ്റൊരു കമ്പി കൂടി ഇട്ടു. തൊലിപ്പുറത്ത് നിന്ന് എല്ലിനോട് ചേർന്നാണ് നാലാഴ്ചത്തേക്ക് ഈ കമ്പി ഇട്ടത്. ഇത് പിന്നീട് മാറ്റും. ആദ്യമിട്ട പ്ലേറ്റ് തുടരും. ശസ്ത്രക്രിയ വിജയമാണ്. ഈ മാസം തന്നെ ഇത്തരത്തിലുള്ള ഒടിവിന് ശസ്ത്രക്രിയകൾ നടത്തിയ മറ്റു രോഗികളുടെ എക്സ്റേകൾ ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement