ബുധൻ വരെ അതിതീവ്ര മഴ, കാലവർഷം ആൻഡമാനിലെത്തി, 31ന് കേരളത്തിൽ

Monday 20 May 2024 12:00 AM IST


 ചാക്കയിൽ വെള്ളക്കെട്ടിൽ വൃദ്ധൻ മരിച്ച നിലയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിതീവ്ര വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം. മദ്ധ്യ, തെക്കൻ ജില്ലകളിലാകും കൂടുതൽ. കുറഞ്ഞ സമയത്തിൽ വലിയ മഴയ്ക്കാണ് സാദ്ധ്യത. മലവെള്ളപ്പാച്ചിൽ, മിന്നൽപ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് ഇടയാക്കിയേക്കാം. അതേസമയം, കാലവർഷം തെക്കൻ ആൻഡമാൻ കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ബംഗാൾ ഉൾക്കടലിലെ ചില ഭാഗങ്ങളിൽ എത്തി. 31ന് കേരളത്തിൽ എത്തുമെന്ന് പ്രതീക്ഷ.

സംസ്ഥാനത്ത് പലയിടത്തും മൂന്നു ദിവസമായി തുടരുന്ന വേനൽ മഴയിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലടക്കം വെള്ളം കയറി. തിരുവനന്തപുരം നഗരത്തിലെ പലയിടങ്ങളും വെള്ളത്തിലായി. പൊന്മുടിയിൽ വിനോദസഞ്ചാരത്തിന് താത്കാലിക നിരോധനം ഏർപ്പെടുത്തി. ഇടുക്കി മലയോര മേഖലകളിൽ രാത്രി ഏഴുമുതൽ രാവിലെ ആറുവരെ യാത്ര നിരോധിച്ചു. ജില്ലയിൽ ഓഫ് റോഡ് സഫാരി, മൈനിംഗ് പ്രവർത്തനങ്ങളും നിരോധിച്ചു.

തിരുവനന്തപുരം ചാക്ക തോപ്പുമുടുക്ക് വീട്ടിൽ വിക്രമനെ (82)​ ഇന്നലെ രാവിലെ വീടിനു മുന്നിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വാതിലിനരികിലെ കസേരയിൽ നിന്നുവീണ് തല മുറ്റത്തെ വെള്ളക്കെട്ടിൽ മുങ്ങിയ നിലയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളത്തിൽ വീണതാകാമെന്നാണ് പൊലീസ് നിഗമനം. താടിയുടെ ഭാഗത്ത് വലിയ മുറിവുണ്ട്. ഇത് വീഴ്ചയിൽ വീടിന്റെ പടിയിൽ ഇടിച്ചതാകാമെന്ന് കരുതുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലെ മരണകാരണം വ്യക്തമാകൂയെന്ന് പൊലീസ് പറഞ്ഞു.

ആസ്തമ,​ രക്തസമ്മർദ്ദം കുറയൽ തുടങ്ങിയ അസുഖങ്ങൾക്ക് വിക്രമൻ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. എട്ടുവർഷം മുൻപ് ഭാര്യ ഓമന മരിച്ചതിനുശേഷം ഒറ്റമുറി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. മക്കളില്ല. സംസ്കാരം നടത്തി.

പത്തനംതിട്ട ഗവി റോഡ് നാൽപ്പത് ഏക്കറിൽ ഇന്നലെ രാവിലെ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി. കെ.എസ്.ആർ.ടി.സി ബസ് വഴിയിൽ കുടുങ്ങി. മണ്ണുനീക്കി ഗതാഗതം പുന:സ്ഥാപിച്ചു. ഗവിയിലേക്കുള്ള യാത്ര വനംവകുപ്പ് താത്കാലികമായി നിരോധിച്ചു.

ഇന്ന്, നാളെ

മഴ മുന്നറിയിപ്പ്

റെഡ് അലർട്ട്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

ഓറഞ്ച് അലർട്ട്

തിരുവനന്തപുരം, കൊല്ലം, എറണാകുളം

യെല്ലോ അലർട്ട്

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

Advertisement
Advertisement