ദേശീയ പുഷ്പത്തിന്റെ നിറക്കാഴ്ചയുമായി പേക്കടം കാളീശ്വരം ക്ഷേത്രക്കുളം

Monday 20 May 2024 12:21 AM IST
പേക്കടം കാളീശ്വരം ക്ഷേത്രക്കുളത്തിൽ വിടർന്നു നിൽക്കുന്ന താമരപ്പൂക്കൾ

തൃക്കരിപ്പൂർ: കടുത്തവേനലിൽ സകല സസ്യജാലങ്ങളും കരിഞ്ഞുണങ്ങി നാശത്തിന്റെ വക്കിലെത്തി നിൽക്കുമ്പോൾ താമരപ്പൂക്കളുടെ നയനാനന്ദകരമായ കാഴ്ചയൊരുക്കി ക്ഷേത്രക്കുളം. പേക്കടം കാളീശ്വരം ക്ഷേത്രക്കുളത്തിലാണ് താമരപ്പൂക്കൾ ദൃശ്യ വിരുന്നൊരുക്കിയിരിക്കുന്നത്.

ഏകദേശം രണ്ടു സെന്റ് സ്ഥലത്തായി പരന്നുകിടക്കുന്ന കുളത്തിൽ നിറയെ താമര ചെടികളാണ്. ഓരോ ചെടിയിലുമെന്നോണം ചെറുതും വലുതുമായ നൂറിലേറെ താമരപ്പൂവുകളാണ് വിടർന്നു നിൽക്കുന്നത്. അതുപോലെ വിടരാൻ വെമ്പുന്ന താമരമൊട്ടുകളുടെ സമ്പന്നതയും.

വടക്കെമലബാറിൽ പൊങ്കാല മഹോത്സവം നടക്കുന്ന പ്രധാന ക്ഷേത്രമായി കാളീശ്വരം പ്രശസ്തമായതോടെ സ്ത്രീകളടക്കമുള്ള വിശ്വാസികളുടെ പ്രധാന ആരാധനാ കേന്ദ്രമായി ഇവിടം. ക്ഷേത്ര നിർമ്മാണം നടന്ന സമയത്ത് നിർമ്മിച്ച കുളത്തിൽ അന്നത്തെ ഭാരവാഹികളാണ് ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരച്ചെടിയുടെ വിത്തിട്ടത്. പിന്നീടത് പടർന്ന് പന്തലിക്കുകയായിരുന്നു.

ഔഷധാവശ്യങ്ങൾക്കും പൂജാദികാര്യങ്ങൾക്കും താമരപ്പൂവ് ആവശ്യമുള്ളവർ ക്ഷേത്രഭാരവാഹികളുടെ അനുമതിയോടെ പൂവ് ശേഖരിക്കാനെത്താറുണ്ട്.

നെലുമ്പോ ന്യൂസിഫെറാ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന താമരപ്പൂവിന്റെ വിത്തുകൾ വിവിധ രോഗങ്ങൾക്കുള്ള മരുന്നായി ആയുർവ്വേദം ശിപാർശ ചെയ്യുന്നുണ്ട്. പിത്തം, ഗ്രഹണി തുടങ്ങിയ ബാല ചികിത്സയ്ക്കുള്ള അരവിന്ദാസവമടക്കമുള്ളവ ഉണ്ടാക്കുന്നതിനുള്ള പ്രധാന ചേരുവയാണ് താമരപ്പൂവ്.

കെ.വി. കൃഷ്ണപ്രസാദ്, പാരമ്പര്യ വൈദ്യർ, തൃക്കരിപ്പൂർ.

Advertisement
Advertisement