മഴ കനക്കും; ഇന്നും നാളെയും യെല്ലോ അലേർട്ട്

Monday 20 May 2024 1:51 AM IST

 മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദ്ദേശം

 മേയ് 22ന് ജില്ലയിൽ ഓറഞ്ച് അലേർട്ട്

പാലക്കാട്: സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ഈ സീസണിലെ ആദ്യ ന്യൂനമർദം രൂപപ്പെടുന്നതിനു മുന്നോടിയായാണ് ഇപ്പോഴത്തെ മഴ.

22ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം തുടങ്ങി 10 ജില്ലകളിൽ തീവ്ര മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണെങ്കിലും റെഡ് അലേർട്ടിനു സമാനമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും നളെയും യെലോ അലേർട്ടാണ്.

ഇടിമിന്നൽ ജാഗ്രത നിർദേശം

ഇടിമിന്നൽ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചു. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസിലാക്കണം. അതിനാൽ പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നലേറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള നിമിഷങ്ങളാണ്.

ഇവ ശ്രദ്ധിക്കണം

 ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടാൽ ഉടനെ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്.

 ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്.

 ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

 ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കരുത്. മൊബൈൽ ഫോൺ ഉപയോഗം പ്രശ്നമില്ല.

 വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്.

 മിന്നലുള്ളപ്പോൾ വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടരുത്. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കുക.

 തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ പോകരുത്.

 ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

 വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്.

 അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക

 കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാചാലകം സ്ഥാപിക്കാം.

Advertisement
Advertisement