ബ്രിട്ടീഷ് എൻജിനിയർ കണ്ടെടുത്ത ഓടുവ്യവസായം മിഴിപൂട്ടുന്നു

Monday 20 May 2024 12:00 AM IST

തൃശൂർ: ഒന്നേകാൽ നൂറ്റാണ്ട് മുൻപ് മണലിപ്പുഴയുടെ തീരത്തു നിന്ന് ബ്രിട്ടീഷ് എൻജിനിയർ കണ്ടെടുത്ത ഓടുവ്യവസായം അന്തിമ സൈറന്റെ വക്കത്ത്. ആയിരത്തോളം ഓട്ടുകമ്പനികളുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോഴുള്ളത് 150 മാത്രം. ഖനനം നിരോധിച്ചതോടെ മണ്ണ് കിട്ടാതായതും കർണാടകയിലെ കോലാറിലും തമിഴ്‌നാട്ടിലെ ഹൊസൂരിലും ഓടുവ്യവസായം വ്യാപകമായതുമെല്ലാമാണ് തിരിച്ചടിയായത്.

മണലിപ്പുഴയുടെ പാലം നിർമ്മിക്കുമ്പോൾ ബ്രിട്ടീഷ് എൻജിനിയർ മണ്ണ് പരിശോധിച്ചാണ് ഓട് നിർമ്മാണസാദ്ധ്യത കണ്ടെത്തിയത്. അലുമിനിയവും ഇരുമ്പും അഞ്ചു ശതമാനം മണലും ചേർന്ന മണ്ണാണ് മണലിപ്പുഴയുടെ പരിസരങ്ങളിലുള്ളതെന്ന് കെ.ആർ. ഭാസ്‌കരന്റെ 'കേരളത്തിലെ ഓടുവ്യവസായം' എന്ന പുസ്തകത്തിലും പറയുന്നുണ്ട്.

കോഴിക്കോട്ട് തുടക്കമിട്ട ഓടുനിർമ്മാണം തൃശൂരിലാണ് വളർന്നുപന്തലിച്ചത്. ഒല്ലൂർ, മരത്താക്കര, പുതുക്കാട്, ചിറ്റിശ്ശേരി, വരന്തരപ്പിള്ളി എന്നിവിടങ്ങളിലായിരുന്നു പ്രധാനകേന്ദ്രങ്ങൾ.അനുയോജ്യമായ മണ്ണ് കിട്ടാത്തതിനാൽ മറ്റു ജില്ലകളിൽ കുറവായിരുന്നു. കേരളത്തിലെ ചില ഓട്ടുകമ്പനികൾ കർണാടകയിൽ വേരുറപ്പിച്ചിട്ടുമുണ്ട്. മണ്ണിന്റെയും തൊഴിലാളികളുടെയും ലഭ്യതയും വിറകിന്റെ വിലക്കുറവുമാണ് കാരണം.

കർണാടകയിൽ 5000 രൂപയുളള മണ്ണ് കേരളത്തിലെത്തുമ്പോൾ വില 40,000മാകും.സമാന്തര ഉത്പന്നങ്ങൾ വിപണിയിൽ വ്യാപകമായതോടെ ഓടിനോടുള്ള പ്രിയം കുറഞ്ഞതും ഇവിടെ ഓട് വ്യവസായം തകരാൻ കാരണമായി.

അയ്യരുടെ കല്യാണം കമ്പനി

പ്രശസ്തമായ ഭിലായ് സ്റ്റീൽ പ്ലാന്റിലേക്കടക്കം ഓട് കയറ്റിയയച്ചത് പുതുക്കാട്ടെ ആദ്യകാല ഓടുനിർമ്മാതാവായ ഡി. അനന്ത സുബ്രഹ്മണ്യ അയ്യരുടെ കല്യാണം കമ്പനിയായിരുന്നു. എറണാകുളത്ത് എഫ്.എ.സി.ടി അടക്കമുള്ള സ്ഥാപനങ്ങളിലേക്കും ഓട് കൊണ്ടുപോയിരുന്നതായി 93 വയസുകാരനായ അദ്ദേഹം ഓർക്കുന്നു. തൃശൂരും കോഴിക്കോട്ടുമായി 40,000 ഓളം തൊഴിലാളികളുണ്ടായിരുന്നുവെന്നും കേരള ടൈൽ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ സംഘടനയുടെ സ്ഥാപകൻ പി. ദേവരാജ അയ്യരുടെ മകനായ അദ്ദേഹം പറഞ്ഞു.

''കല്യാണം ഓട്ടുകമ്പനി എന്റെ അച്ഛൻ 80 വർഷങ്ങൾക്കു മുൻപ് തുടങ്ങിയതാണ്. കളിമണ്ണിന് പകരം മറ്റെന്തെങ്കിലും ബദൽ കണ്ടുപിടിച്ച് ഈ വ്യവസായത്തെ സർക്കാർ സംരക്ഷിക്കേണ്ടതായിരുന്നു''. - ഡി. അനന്ത സുബ്രഹ്മണ്യ അയ്യർ, മുൻ പ്രസിഡന്റ്, കേരള ടൈൽ മാനുഫാക്‌ചേഴ്‌സ് അസോ.

Advertisement
Advertisement