നിക്ഷേപകർക്ക് കരുതൽ വേണം

Monday 20 May 2024 12:57 AM IST

കൊച്ചി: ആഗോള, ആഭ്യന്തര മേഖലകളിലെ അനിശ്ചിതത്വങ്ങൾ ശക്തമാകുന്നതിനാൽ ഓഹരി വിപണിയിൽ നിക്ഷേപകർക്ക് കരുതലേറുന്നു. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷം പൂർണമായും ഒഴിയാത്തതും ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റവും അമേരിക്ക പലിശ കുറയ്ക്കാനുള്ള തീരുമാനം വൈകിക്കുന്നതുമാണ് പ്രധാനമായും നിക്ഷേപകർക്ക് ആശങ്ക സൃഷ്ടിക്കുന്നത്. ഇതോടൊപ്പം പൊതു തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ തുടർച്ച സംബന്ധിച്ച ആശങ്കകളും വിപണിയുടെ ചലനങ്ങളെ സ്വാധീനിക്കും. തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുന്നതിന് മുൻപ് ഭരണത്തുടർച്ച ഉറപ്പാണെന്ന രീതിയിലാണ് വിപണി നീങ്ങിയത്. എന്നാൽ നാല് ഘട്ടങ്ങൾ പിന്നിട്ടതോടെ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തിലുണ്ടായ കുറവ് മോദിയുടെ സാദ്ധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.

പ്രതികൂല സാഹചര്യങ്ങളുടെ കുത്തൊഴുക്കിലും കഴിഞ്ഞ വാരം ഓഹരി വിപണി നേട്ടത്തോടെയാണ് വ്യാപാരം പൂർത്തിയാക്കിയത്. ആഭ്യന്തര ചെറുകിട നിക്ഷേപകരാണ് നിലവിൽ വിപണിക്ക് കരുത്ത് പകരുന്നത്. കഴിഞ്ഞ വാരം സെൻസെക്സ് 1,341 പോയിന്റും നിഫ്റ്റി 441 പോയിന്റും നേട്ടത്തോടെയാണ് വ്യാപാരം പൂർത്തിയാക്കിയത്. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലും ഇക്കാലയളവിൽ മികച്ച നേട്ടമുണ്ടായി.

Advertisement
Advertisement