മദ്യനയം വോട്ടെടുപ്പ് ഫലം വന്നശേഷം

Monday 20 May 2024 12:00 AM IST

തിരുവനന്തപുരം: സർക്കാരിന്റെ പുതിയ മദ്യനയം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം തയ്യാറാവും. പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയിട്ടുള്ള എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ് തിരിച്ചെത്തിയ ശേഷം കരടിന് അന്തിമ രൂപമാവും. തുടർന്ന് ഇടതു മുന്നണി യോഗം ചർച്ചചെയ്ത് നയം തീരുമാനിക്കും.

ടൂറിസം മേഖലയ്ക്ക് പരിഗണന നൽകിയുള്ള കഴിഞ്ഞ വർഷത്തെ മദ്യനയത്തിന് വലിയ മാറ്റങ്ങൾ ഉണ്ടായേക്കില്ല. ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ബാറുകളുടെ ലൈസൻസ് ഫീസ് 30 ലക്ഷത്തിൽ നിന്ന് 35 ആക്കി ഉയർത്തിയതിനാൽ ഇനി ഫീസ് വർദ്ധന ഉണ്ടാവില്ല. വിദേശ വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെ റസ്റ്റോറന്റുകൾക്ക് ടൂറിസം സീസണിൽ ബിയറും വൈനും വിൽക്കാൻ പ്രത്യേക ലൈസൻസ് അനുവദിക്കുമെന്ന് കഴിഞ്ഞ മദ്യനയത്തിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങൾ ടൂറിസ്റ്റ് സീസണായി കണക്കാക്കി ലൈസൻസ് അനുവദിക്കാനായിരുന്നു നിർദ്ദേശം. ഓരോ കേന്ദ്രത്തിലെയും ലൈസൻസ് നൽകാവുന്ന റസ്റ്റോറന്റുകളുടെ മാനദണ്ഡം ഉൾപ്പെടെയുള്ള കാര്യങ്ങൾ എക്‌സൈസ്, ടൂറിസം വകുപ്പ് മന്ത്രിമാർ ചർച്ചചെയ്ത് തീരുമാനിക്കാനും നിർദ്ദേശിച്ചിരുന്നു.

മൂന്ന് സ്റ്റാർ ക്ലാസിഫിക്കേഷനോ അതിന് മുകളിലോ ഉള്ള ഹോട്ടലുകൾക്കും വിനോദസഞ്ചാര മേഖലയിലെ റിസോർട്ടുകൾക്കും ആ സ്ഥാപനങ്ങളുടെ വളപ്പിലെ തെങ്ങോ പനയോ ചെത്തി കള്ള് ഉത്പാദിപ്പിച്ച് ടൂറിസ്റ്റുകൾക്ക് വില്പന നടത്താനും നിലവിലെ മദ്യനയത്തിൽ നിർദ്ദേശമുണ്ട്. ഇതിനും പുതിയ നയത്തിൽ മാറ്റം വന്നേക്കില്ല. ഐ.ടി പാർക്കുകൾക്ക് പുറമെ വ്യവസായ പാർക്കുകൾക്കും നിശ്ചിത യോഗ്യതയുള്ള സ്ഥലങ്ങളിൽ മദ്യവിതരണത്തിന് അനുമതി നൽകാനുള്ള ചട്ടവും തയ്യാറാക്കിയിട്ടുണ്ട്.

800

ആകെ ബാറുകൾ

250

ബിയർവൈൻ പാർലറുകൾ

4500

ലൈസൻസുള്ള കള്ള് ഷാപ്പുകൾ

Advertisement
Advertisement