ആശ്രയമാകണം ആതുരാലയം -പരമ്പര മൂന്നാംഭാഗം മുറിവുണങ്ങാതെ ഹർഷീന

Monday 20 May 2024 12:25 AM IST
ഹർഷീന

മുറിവുണക്കേണ്ടവർതന്നെ കുത്തിനോവിച്ച മുറിപ്പാടുമായി പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിന വീണ്ടും ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നു. നാളെയാണ് ശസ്ത്രക്രിയ. മെ‌ഡിക്കൽ കോളേജിലുണ്ടായ ചികിത്സാപിഴവിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഹർഷീന.

ശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളിൽ മറന്നു വെച്ച അഞ്ചിഞ്ച് നീളമുള്ള കത്രിക അഞ്ചു വർഷത്തോളമാണ് ഹർഷീനയെന്ന യുവതിയെ വേദനയിൽ മുക്കിയത്. ഇപ്പോൾ കത്രിക നീക്കം ചെയ്ത ഭാ​ഗത്ത് വേദന കടുത്തതോടെ അഞ്ചാമത്ത ശസ്ത്രക്രിയയ്ക്കായി ഒരുങ്ങുകയാണവർ. കത്രിക നീക്കം ചെയ്ത ഭാ​ഗത്തെ ​ഗ്രോത്ത് നീക്കം ചെയ്യാനാണ് വീണ്ടും ശസ്ത്രക്രിയ ആവശ്യമായത്. തുടർ ചികിത്സയ്ക്കായി പണം സമാഹരിക്കാൻ സമരസമിതി തെരുവിലിറങ്ങിയതും കഴിഞ്ഞ ദിവസമാണ്. വർഷങ്ങളോളം സഹിച്ച വേദന കീഴ്പെടുത്തുമ്പോഴും പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരാനുള്ള ശ്രമത്തിലാണവർ. സർക്കാരിന്റെ കണ്ണുതുറപ്പിക്കാൻ നടത്തിയ സമരങ്ങളുടെ പൊള്ളുന്ന അനുഭവങ്ങളും താൻ അനുഭവിച്ച വേദനയും ഹർഷീന കേരള കൗമുദിയോട് പറഞ്ഞു.

@ വേദന അസഹ്യമായ നാളുകൾ

കോഴിക്കോട് മെഡി. കോളജിൽ 2017 നവംബർ 30ന് നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് വയറ്റിൽ ആർട്ടറി ഫോർസെപ്സ് (ഒരിനം കത്രിക) ഹർഷീനയുടെ വയറ്റിൽ കുടുങ്ങിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ 2012 നവംബർ 23 നാണ് സിസേറിയനിലൂടെ ഹർഷീന ആദ്യത്തെ പെൺകുഞ്ഞിന് ജന്മം നൽകിയത്. 2016 മാർച്ച് 16 ന് രണ്ടാമത്തെ പെൺകുഞ്ഞും ജനിച്ചു. ഒരു ആൺ കുഞ്ഞിനെ അതിയായി ആഗ്രഹിച്ച ഹർഷീന മെഡിക്കൽ കോളേജിൽ മൂന്നാമത്തെ സിസേറിയന് വിധേയമായതോടെയാണ് ജീവിതത്തിന്റെ വേദന നിറഞ്ഞ അദ്ധ്യയങ്ങൾക്ക് തുടക്കമായത്. രണ്ടാമത്തെയും മൂന്നാമത്തെയും പ്രസവങ്ങൾ തമ്മിൽ 20 മാസത്തെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ആദ്യമൊക്കെ അതിന്റെ പ്രശ്നങ്ങളാണെന്നാണ് കരുതി. എന്നാൽ കുഞ്ഞിന് പാല് കൊടുക്കാൻ തിരിഞ്ഞ് കിടക്കുമ്പോൾ പോലും അടിവയറ്റിൽ നിന്ന് പച്ച മാംസത്തിൽ കൊളുത്തി വലിക്കുന്ന വേദന. വജെെനൽ ഇൻഫെക്ഷനും രക്തസ്രാവവും താങ്ങാൻ പറ്റാതെയായി. പരിശോധനയിൽ പാർത്തോളിൽ ഗ്രന്ഥിയിൽ പഴുപ്പ് കാണപ്പെട്ടു. അത് നീക്കം ചെയ്തെങ്കിലും വേദന ശമിച്ചില്ല. പാർത്തോളിൽ ഗ്രന്ഥിയിൽ വീണ്ടും പഴുപ്പ് നിറഞ്ഞതോടെ മുറിച്ചുനീക്കേണ്ടി വന്നെങ്കിലും രാവിലെ എഴുന്നേൽക്കുമ്പോഴും മൂത്രമൊഴിക്കുമ്പോഴും പുളഞ്ഞുപോകുന്ന വേദന ഹർഷീനയെ അലട്ടിക്കൊണ്ടേയിരുന്നു. മരുന്നുകളും ആന്റിബയോട്ടിക്കുകളും കഴിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ഒടുവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്കാനിംഗിൽ വയറിനുള്ളിൽ എന്തോ ലോഹക്കഷണം കുടുങ്ങിയതായി കണ്ടെത്തി. ലോഹക്കഷണത്തിന്റെ കൂർത്ത മുനമ്പ് മൂത്രസഞ്ചിയിൽ കുത്തി നിൽക്കുകയാണെന്നും നീരും പഴുപ്പും നിറഞ്ഞ് വേദന അസഹ്യമാകുമെന്നും ഡോക്ടർ പറഞ്ഞതോടെ 2022 സെപ്റ്റംബറിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ മറ്റൊരു ശസ്ത്രക്രിയയിലൂടെ ആ കത്രിക പുറത്തെടുത്തു.

@നീതിക്കായി തെരുവിൽ

കത്രിക നൽകിയ വേദനയേക്കാൾ ഹർഷീനയെ മുറിവേൽപ്പിച്ചത് നീതിക്കായി തെരുവിലിറങ്ങിയപ്പോഴാണ്. കുറ്റക്കാരായവരെ സംരക്ഷിക്കുന്ന ആരോഗ്യവകുപ്പിന്റെ നടപടി മാനസികമായി തളർത്തി. ആദ്യം മെഡിക്കൽ കോളേജിനു മുന്നിലും പിന്നീടു സെക്രട്ടേറിയറ്റിനു മുന്നിലും സമരം . കത്രിക താഴോട്ടിറങ്ങിയതിനാൽ ഹർഷീനയുടെ മൂത്രസഞ്ചിക്ക് കേട് സംഭവിച്ചിരുന്നു. അൽപ്പംപോലും നിൽക്കാനാകാത്ത അവസ്ഥ. ആരോഗ്യപ്രശ്നങ്ങളെയെല്ലാം സഹിച്ച് , പൊരിവെയിലിലും മഴയത്തും നീതിക്കായി അവർ കേണു. ആരോഗ്യമന്ത്രി അടക്കമുള്ളവർ അവഗണിച്ചു. എല്ലാ തെളിവുകളും എതിരായിട്ടും വീഴ്ച സമ്മതിക്കാൻ മെഡിക്കൽ കോളജ് അധികൃതരും തയാറായില്ല. മറ്റേതോ ആശുപത്രിയിൽ നിന്നാണ് കത്രിക കുടുങ്ങിയതെന്നായിരുന്നു അവരുടെ വാദം. പൊലീസ് നടത്തിയ അന്വേഷണത്തിൽ കത്രിക മെഡിക്കൽ കോളേജിലേതു തന്നെയെന്നു സ്ഥിരീകരിച്ചു. ഒടുവിൽ 5 വർഷത്തെ ദുരിതത്തിനും തീരാത്ത വേദനകൾക്കും ഹർഷീനയ്ക്ക് സർക്കാർ വിലയിട്ടതാകട്ടെ വെറും 2 ലക്ഷം രൂപ. പത്തു ലക്ഷത്തിലധികം ചികിത്സയ്ക്കു മാത്രം ചെലവായിട്ടുണ്ട്. സർക്കാരിന് വേണ്ടപ്പെട്ടവരാണെങ്കിൽ പത്തും മുപ്പതും ലക്ഷം കൊടുത്ത സംഭവങ്ങളുണ്ടല്ലോ കേരളത്തിൽ. തങ്ങളെ എന്തിനാണ് ഇങ്ങനെ അവഗണിക്കുന്നതെന്നാണ്ഹർഷിനയുടെ ചോദ്യം. മാന്യമായ നഷ്ടപരിഹാരത്തിന് വേണ്ടി പോരാട്ടം തുടരുകയാണവർ.

Advertisement
Advertisement