വടിവാൾ മുനയിൽ നിറുത്തി ഗുണ്ടകളുടെ വീഡിയോ

Monday 20 May 2024 12:00 AM IST

#'നിന്നെ വെട്ടും, വീഡിയോ വൈറലാക്കും'

ആലപ്പുഴ: 'കേസു കൊടുത്താൽ എല്ലാം കേറി കിടന്നുറങ്ങും, കൊലക്കേസൊന്നുമല്ലല്ലോ?, ഹൈക്കോടതിയിൽ നിന്ന് പതിനഞ്ച് ദിവസത്തിനകം ജാമ്യം കിട്ടും.നിന്നെ വെട്ടും.വീഡിയോയും വൈറലാക്കും'. കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിന് സമീപം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുന്ന സംഘത്തിന്റെ വീ‌ഡിയോയിലാണ് ഈ ഭീഷണി.

കായംകുളത്ത് ഗുണ്ടാത്തലവന്റെ ഫോൺ പൊലീസിന് കൈമാറിയ ഓച്ചിറ സ്വദേശി അരുൺ പ്രസാദാണ് ക്രൂര മർദ്ദനത്തിനും ഭീഷണിക്കും ഇരയായത്. ഓച്ചിറയിൽ നിന്ന് ബൈക്കിൽ കയറ്റി കൃഷ്ണപുരം തോടിന് കുറുകെ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള നടപ്പാലത്തിലേക്ക് തട്ടിക്കൊണ്ടു വന്ന സംഘം വളഞ്ഞുവച്ച് വടിവാൾ വീശിയും ക്രൂരമായി മർദ്ദിച്ചുമാണ് ഭീഷണി മുഴക്കുന്നത്. മൂന്നംഗ സംഘത്തിന്റെ പരാക്രമങ്ങൾ ഗുണ്ടാസംഘത്തിലുൾപ്പെട്ട നാലാമനാണ് ഫോണിൽ പകർത്തിയത്. അരുൺപ്രസാദ് കൈമാറിയ ഫോണിൽ നിന്ന് ഗുണ്ടകളെ പൊലീസ് തിരിച്ചറിഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ടീ ഷർട്ട് ധാരികളായ മൂന്നംഗ ഗുണ്ടാ സംഘം അതിക്രൂരമായി മർദ്ദിച്ചവശനാക്കിയ അരുൺ പ്രസാദ് പൊലീസിൽ പരാതി നൽകുമെന്ന് ഭയന്നാണ് ഭീഷണിപ്പെടുത്തിയത്. രണ്ടടി നീളം വരുന്ന അഗ്രഭാഗം വളഞ്ഞ വടിവാൾ വീശിയും കഴുത്തിലും കൈയിലും കാലിലും വെട്ടാനോങ്ങിയും മാറി മാറി ഭീഷണിപ്പെടുത്തുന്നതാണ് അര മിനിട്ട് മുതൽ മൂന്നുമിനിട്ടുവരെയുള്ള വീഡിയോ ക്ളിപ്പിംഗുകളിലുള്ളത്. ഗുണ്ടകൾക്കെതിരെ നാടൊട്ടുക്ക് പൊലീസ് നടപടി ശക്തമാകുന്നതിനിടെയുള്ള ഈ ആക്രമണ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി..

Advertisement
Advertisement