അഗസ്‌ത്യമലയിലെ ഓർക്കിഡുമായി സരസൻ ലണ്ടൻ പുഷ്‌പമേളയിൽ

Monday 20 May 2024 12:00 AM IST

തിരുവനന്തപുരം: അഗസ്ത്യമലയിൽ മാത്രമുള്ള അപൂർവ ഓർക്കിഡ്, നാളെ ലണ്ടനിൽ തുടങ്ങുന്ന, ലോകത്തെ ഏറ്റവും പഴക്കമുള്ള പുഷ്പമേളയിൽ - ദ ഗ്രേറ്റ് സ്‌പ്രിങ് ഷോ - ഇടം നേടും. രാജകുടുംബാംഗങ്ങളടക്കം എത്തുന്ന മേളയിൽ പശ്ചിമഘട്ടത്തെയും കേരളത്തിന്റെ സസ്യസമ്പത്തിനെയും കുറിച്ച് വിശദീകരിക്കുന്നത് ഒരു മലയാളിയാണ് - യു.കെ റോയൽ ബൊട്ടാണിക്കൽ ഗാർഡൻ ക്യൂവിലെ റിസർച്ച് ലീഡർ സരസൻ വിശ്വംഭരൻ.

യു.കെ റോയൽ ഹോർട്ടിക്കൾച്ചർ സൊസൈറ്റി 112 വർഷമായി നടത്തുന്ന ചെൽസിയ ഫ്ലവർ ഫെസ്റ്റിൽ ആദ്യമായാണ് ഒരു മലയാളിയും കേരളത്തിലെ സസ്യവും ഭാഗമാകുന്നത്. ആൻഡമാനിലെയും വടക്കുകിഴക്കൻ ഇന്ത്യയിലെയും ചെടികളും പ്രദർശിപ്പിക്കും. 11ഏക്കറിൽ ഒരാഴ്ച നീളുന്ന പ്രദർശനത്തിൽ ബൊട്ടാണിക്കൽ ഗാർഡൻ ക്യൂവിലെ അപൂർവ ചെടികളുമുണ്ട്.

ബ്രിട്ടീഷ് ആർമി ഓഫീസറായ ഹെബെർ ഡ്രൂറിയാണ് 1972ൽ അഗസ്ത്യമലയിൽ

അപൂർവ ഓർക്കിഡായ ഗോൾഡൻ പാഫ് (പാഫിയോപ്പെഡിലം ഡ്രൂറി) വീണ്ടും കണ്ടെത്തിയത്. ( 1870ൽ ബ്രിട്ടീഷ് കേണൽ റിച്ചാർഡ് ഹെൻറി ബെദ്ദോം ആണ് ഇത് ആദ്യം കണ്ടെത്തിയത്.) 1982ലാണ് ബൊട്ടാണിക്കൽ ഗാർഡനിൽ എത്തിയത്. മഞ്ഞനിറത്തിലുള്ള ഈ ഓർക്കിഡ് ലോകത്താകെ 200ൽ താഴെ മാത്രം. ഹോളിവുഡ് താരങ്ങളും രാഷ്ട്രീയനേതാക്കളും എത്തുന്ന സദസിൽ കേരളത്തിന്റെ ടൂറിസം സാദ്ധ്യതകൾ മെച്ചപ്പെടുത്താമെന്ന് സരസൻ പറയുന്നു. പാലോട് ബൊട്ടാനിക്കൽ ഗാർഡനുമായി ചേർന്ന് ഓർക്കിഡുകളെ നഗരങ്ങളിൽ നടുന്ന പ്രോജക്ടിലും സരസൻ ഭാഗമാണ്. ബൊട്ടാനിക്കൽ ഗാർഡൻ ഡയറക്ടർ ഡോ.എസ്.പ്രദീപ്കുമാർ പിന്തുണയേകി.

തുടക്കം ദശപുഷ്പങ്ങൾ

മുത്തച്ഛൻ വളർത്തിയ ദശപുഷ്പങ്ങൾ കണ്ടാണ് ചെടികളോട് സരസൻ ഇഷ്ടം കൂടുന്നത്. വർക്കല എസ്.എൻ.കോളേജിൽ നിന്ന് ബോട്ടണിയിൽ ഡിഗ്രിയും കൊല്ലം എസ്.എൻ.കോളേജിൽ നിന്ന് എം.എസ്.സിയും പാസായി. കാര്യവട്ടം ക്യാമ്പസിലായിരുന്നു പിഎച്ച്.ഡി. 1993ൽ യു.കെയിൽ യൂണിവേഴ്സിറ്റി ഒഫ് ഈസ്റ്റ് ലണ്ടണിൽ ഗവേഷകനായി. ലോകപ്രശസ്ത റോസ് ബ്രീഡറായ ഡേവിഡ് ഓസിറ്റിനൊപ്പം പ്രവർത്തിച്ചു. 25 വർഷമായി ഗാർഡൻ ക്യൂവിൽ ജോലി. തിരുവനന്തപുരം കനകക്കുന്നിനടുത്ത് കനകനഗറിലാണ് വീട്. യു.കെ എസെക്സിലാണ് താമസം.

ചെൽസിയ ഫ്ലവർ ഷോ

ഗ്രേറ്റ് സ്‌പ്രിംഗ് ഷോ എന്നും അറിയപ്പെടുന്നു

എലിസബത്ത് രാജ്ഞി പതിവായി പങ്കെടുക്കുമായിരുന്നു

വർഷം 1,57,000 സന്ദർശകർ

Advertisement
Advertisement