പകർച്ചവ്യാധിയെ തടുക്കാൻ, ശുചീകരണം ജനകീയപങ്കാളിത്തത്തോടെ

Monday 20 May 2024 12:29 AM IST
കോഴിക്കോട് കോർപ്പറേഷനിലെ 19ാം വാർഡായ മെഡിക്കൽ കോളേജ് സൗത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനം

 ശുചീകരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ

 രണ്ട് ദിവസത്തെ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകിയത് വാർഡ് മെമ്പർമാർ

കോഴിക്കോട്: മഞ്ഞപ്പിത്തമുൾപ്പടെയുള്ള പകർച്ചാവ്യാധികൾ പിടിമുറുക്കിയതോടെ ജില്ലയിൽ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണം നടത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വാർഡുകൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവൃത്തികൾ നടന്നത്. മേയ് മാസം പകുതിയായിട്ടും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമായില്ലെന്ന പരാതി ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ

ജില്ലയിൽ മഴക്കാലപൂർവ ശുചീകരണം ഈ മാസം 20 നകം പൂർത്തീകരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 18,19 ജനപങ്കാളിതോടെ ശുചീകരണ പ്രവൃത്തി നടത്തിയത്. ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് വിവിധയിടങ്ങളിൽ ശുചീകരണം നടന്നത്.

മഴക്കാല ശുചീകരണം, പകർച്ചവ്യാധി നിയന്ത്രണം എന്നിവയിൽ കാര്യക്ഷമമായ ഇടപെടൽ നടത്തുന്നതിന് കോഴിക്കോട് കോർപ്പറേഷൻ കരുതൽ എന്ന പേരിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ശുചീകരണം നടത്തി. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്ന നടപടികൾ തുടരുകയാണ്. നഗരത്തിൽ മാനാഞ്ചിറയ്ക്ക് സമീപമുൾപ്പടെയുള്ള വെള്ളക്കെട്ടുകൾ പരിഹരിക്കുന്ന പ്രവൃത്തികൾ തുടരുകയാണ്.

നഗരസഭയിലെ 75 വാർഡിലെ കൗൺസിലേഴ്‌സ്, വാർഡ് സാനിറ്റേഷൻ അംഗങ്ങൾ, ആരോഗ്യവിഭാഗം എച്ച്. ഐ, ജെ.എച്ച്. ഐമാർ, ആശാവർക്കേഴ്‌സ്, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ചേർന്ന് ജൂൺ ഒന്നു വരെ ശുചീകരണം കാര്യക്ഷമമാക്കും. പകർച്ചവ്യാധി നിയന്ത്രണത്തിനായി കൊതുകു നശീകരണത്തിന്റെ പ്രാധാന്യം, മാലിന്യ സംസ്‌കരണം, കൂൾബാർ ഹോട്ടൽ എന്നിവിടങ്ങളിലെ ശുചിത്വ നിലവാരം എന്നിവ ഉറപ്പുവരുത്തുന്നുണ്ട്.

Advertisement
Advertisement