റെയിൽവേ ട്രാക്കിൽ കൊലവെറി,​ ദൃശ്യം വൈറൽ,​ ഗുണ്ടകൾ അറസ്റ്റിൽ

Monday 20 May 2024 12:00 AM IST
സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന മർദ്ദന ദൃശ്യം

കായംകുളം: യുവാവിനെ ആളൊഴിഞ്ഞ റെയിൽവേ ട്രാക്കിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയും വടിവാൾ കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൃഷ്ണപുരം ഞക്കനാൽ അനൂപ് ഭവനത്തിൽ അനൂപ് ശങ്കർ (28),​ സഹോദരൻ അഭിമന്യു എന്ന സാഗർ (24),​ പത്തിയൂർ ചെമ്പക നിവാസിൽ അമൽ എന്ന ചിന്തു (24) എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപ്രതി രാഹുൽ ഒളിവിലാണ്.

കൃഷ്ണപുരം കാപ്പിൽ പ്രസാദ് ഭവനത്തിൽ അരുൺപ്രസാദ് (26) ആണ് ക്രൂര മർദ്ദനത്തിന് ഇരയായത്. മർദ്ദനത്തിന്റെയും പൊലീസിനെ അറിയിച്ചാൽ കൊത്തി നുറുക്കുമെന്ന് വടിവാൾ ഉയർത്തി ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങൾ പ്രതികളുടെ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചു. ഇത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

16 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആക്കനാട് കോളനിയുടെ വടക്കുള്ള ഗ്രൗണ്ടിലും അതിനു വടക്കുള്ള റെയിൽവേ ട്രാക്കിനു സമീപത്തുമാണ് പൈശാചികത അരങ്ങേറിയത്.

നാലംഗ സംഘം വടിവാളും കുറുവടിയും പാറക്കല്ലും ഉപയോഗിച്ച് അരുൺപ്രസാദിന്റെ ശരീരത്തിലും തലയ്ക്കും അടിക്കുകയും ഇടിക്കുകയുയിരുന്നു. വലതു ചെവിയുടെ ഡയഫ്രം പൊട്ടി. ഇയാളുടെ ഐ ഫോണും ടൈറ്റൻ വാച്ചും പിടിച്ചുപറിച്ചു. രണ്ടു ദിവസം മുൻപ് ഗുണ്ടാസംഘവും അരുൺ പ്രസാദും തമ്മിൽ വാക്കുതർക്കവും കൈയാംകളിയും നടന്നിരുന്നു. ഇതിൽ ഓച്ചിറ പൊലീസിൽ പരാതി നൽകുകയും ഒരു പ്രതിയുടെ ഫോൺ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധമാണ് ആക്രമണത്തിനു പിന്നിൽ.

ഒന്നാം പ്രതി അനൂപ് ശങ്കർ 17 കേസുകളിൽ പ്രതിയാണ്. ഇയാളും അനുജൻ അഭിമന്യുവും കാപ്പ നിയമപ്രകാരം ജയിലിൽ കിടന്നിട്ടുണ്ട്. അമലിനെ ആലപ്പുഴ ജില്ലയിൽ നിന്ന് കാപ്പാനിയമപ്രകാരം നാടുകടത്തിയിട്ടുള്ളതാണ്. മൂന്നാം പ്രതി രാഹുലിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Advertisement
Advertisement