മെഡി.കോളേജിനെതിരെ നടക്കുന്നത് കുപ്രചാരണം: കെ.ജി.എം.സി.ടി.എ

Monday 20 May 2024 12:30 AM IST
കെ.ജി.എം.സി.ടി.എ

കോഴിക്കോട്: മെഡിക്കൽ കോളേജിനെതിരെ നടക്കുന്നത് നിരന്തരമായ കുപ്രചരണങ്ങളാണെന്ന് കെ.ജി.എം.സി.ടി.എ.

അസത്യവും തെറ്റിദ്ധാരണാജനകവുമായ മാദ്ധ്യമ പ്രചരണങ്ങളെ അപലപിക്കുന്നതായി കോഴിക്കോട് യൂണിറ്റ് പ്രസിഡന്റ് ഡോ. സി. കൃഷ്ണനും സെക്രട്ടറി അബ്ദുൾ ബാസിത്തും വാർത്താക്കുറിപ്പിൽ ആരോപിച്ചു.

രോഗത്തെക്കുറിച്ചും ചികിത്സയേക്കുറിച്ചും രോഗികൾക്കോ, കൂട്ടിരിപ്പുകാർക്കോ ഉണ്ടായേക്കാവുന്ന സംശയങ്ങളും പരാതികളും തെറ്റിദ്ധാരണകളും ചികിത്സിക്കുന്ന ഡോക്ടർ പോലും അറിയുന്നതിനു മുന്നെ മാദ്ധ്യമങ്ങളിൽ വസ്തുതാവിരുദ്ധമായ രീതിയിൽ അവതരിപ്പിക്കുകയാണ്. ഇത് ആരോഗ്യമേഖലയെ ദോഷകരമായി ബാധിച്ചേക്കും.
അസ്ഥിരോഗ വിഭാഗവുമായി ബന്ധപ്പെട്ട് നടക്കുന്ന നുണപ്രചാരണം അതിന്റെ ഭാഗമായി കാണേണ്ടതാണ്. കയ്യിലെ അസ്ഥികൾ പൊട്ടിയ അവസ്ഥയിൽ വന്ന രോഗിയുടെ അസ്ഥികളെ ഉറപ്പിക്കാൻ ശസ്ത്രക്രിയ ചെയ്യേണ്ട ആവശ്യകത പറഞ്ഞ് മനസ്സിലാകുകയും പ്ലേറ്റും സ്‌ക്രുവും ഉപയോഗിച്ച് പൊട്ടിയ എല്ലുകളെ ഉറപ്പിക്കുകയും ചെയ്തു. അതിനോടൊപ്പം തന്നെ കൈക്കുഴയിലെ അസ്ഥികൾ തെന്നിപോകാതെ ഇരിക്കാൻ താത്കാലികമായ കമ്പി ഇട്ട് വക്കുകയും ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം ഏടുത്ത എക്സ് റേയിൽ കൈക്കുഴ തെന്നി പോകാതെ ഇരിക്കാൻ താത്കാലികം ആയി ഇട്ട് വക്കുന്ന് കമ്പിയുടെ കിടപ്പിൽ ജൂനിയർ ഡോക്ടർക്ക് സംശയം തോന്നുകയും ചിലപ്പോൾ അത് മാറിയിടേണ്ട ആവശ്യകത വന്നെക്കാമെന്ന് രോഗിയെ അറിയിക്കുകയും ചെയ്തു. എന്നാൽ മുതിർന്ന ഡോക്ടറുമായി സംസാരിച്ച ശേഷം അതിന്റെ ആവശ്യമില്ല എന്ന് മനസ്സിലാക്കുകയും ചെയ്തു. വസ്തുതകൾ ഇതാണെന്നിരിക്കെ മാദ്ധ്യമങ്ങൾ യാതൊരു അടിസ്ഥാനവുമില്ലാത്ത രിതിയിൽ കമ്പി മാറിയെന്നും വേറെ രോഗിയുടെ കമ്പി ഇട്ടെന്നും മുതൽ അതിശയോക്തി നിറച്ച പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുകയുണ്ടായി.

ഇത്തരം വസ്തുതാ വിരുദ്ധമായ പ്രചരണങ്ങൾ പൊതുജനാരോഗ്യ സംരക്ഷണ മേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളെയും നിയമപരമായും ആശയപരമായും സംഘടന നേരിടുമെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു.

Advertisement
Advertisement