സർജറിയിൽ അശ്രദ്ധ പാടുണ്ടോ?​

Monday 20 May 2024 12:44 AM IST

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എന്താണ് സംഭവിക്കുന്നതെന്ന് ഓ‍ർത്തിട്ട് ലജ്ജയും ആശങ്കയും തോന്നുകയാണ്. എത്ര ശ്രദ്ധിച്ചാലും പിഴവു സംഭവിക്കുക മനുഷ്യസഹജമാണെന്ന് സമ്മതിക്കാം. ഏത് വിദഗ്ദ്ധ ‌‌ഡോക്ടർക്കും തെറ്റു സംഭവിച്ചേക്കാമെന്നും സമ്മതിക്കാം. പക്ഷേ,​ കൈവിരലിന് ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയേറ്ററിലെത്തിച്ച കുട്ടിക്ക് നാവിന് ശസ്ത്രക്രിയ നടത്തുന്നതുപോലുള്ള വീഴ്ചകൾ ദൈവവിധി പോലെ സംഭവിക്കുന്നതല്ല. അത്,​ ഡോക്ടറുടെ ജാഗ്രതക്കുറവും അശ്രദ്ധയുംകൊണ്ടു മാത്രം സംഭവിക്കുന്നതാണെന്ന് പറയാതെ വയ്യ.

സർജറിക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്ന അതേ രോഗി തന്നെയാണോ ഓപ്പറേഷൻ ടേബിളിലുള്ളത്,​ ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന അവയവത്തിന് സർജറി നോട്ടിൽ പറഞ്ഞിരിക്കുന്ന രോഗമോ വൈകല്യമോ പ്രകടമാണോ,​ സർജറിക്കു മുമ്പ് നടത്തേണ്ട മുഴുവൻ പരിശോധനകളും നടത്തിയിട്ടുണ്ടോ,​ ബന്ധുക്കൾ ഒപ്പിട്ട സമ്മതപത്രം ഹാജരാക്കിയിട്ടുണ്ടോ,​ ശസ്ത്രക്രിയാ ഉപകരണങ്ങളെല്ലാം ടേബിളിലുണ്ടോ തുടങ്ങി ശസ്ത്രക്രിയ ആരംഭിക്കുന്നതിനു മുമ്പ് ഡോക്ടർ ഉറപ്പാക്കേണ്ട എത്രയോ സുപ്രധാന കാര്യങ്ങളുണ്ട്!

മെഡിക്കൽ കോളേജ് ആശുപത്രിയിലെ തിരക്ക് ഊഹിക്കാം. പക്ഷേ,​ കൈകാര്യം ചെയ്യുന്നത് ഒരു മനുഷ്യശരീരത്തെയും,​കത്തിവയ്ക്കുന്നത് ജീവനുള്ള ഒരു അവയവത്തിന്മേലാണെന്നുമുള്ള ബോദ്ധ്യവും ശ്രദ്ധയും ഒരു ഡോക്ടർക്ക് എപ്പോഴുമുണ്ടാകണം. സ്വന്തം അച്ഛനമ്മമാരുടെയോ മക്കളുടെയോ സർജറി നിർവഹിക്കാൻ മിക്ക ഡോക്ടർമാരും മടിക്കുന്നത് കണ്ടിട്ടുണ്ട്. അത് എന്തുകൊണ്ടാണെന്ന് സ്വയം ആലോചിച്ചുനോക്കണം.

ഷീബാ സുഗതൻ

കാര്യാട്ടുശേരി

ലീഡ്

............

സ്വാതന്ത്ര്യവും വരുമാനവും നൽകുന്നവ തന്നെയാണ് ഗിഗ് ജോലികൾ. പക്ഷേ,​ അതിനെ ഉയർന്ന പടവുകളിലേക്കുള്ള അവസരമായി പ്രയോജപ്പെടുത്താൻ കഴിയണം

Advertisement
Advertisement