ഹജ്ജ് ക്യാമ്പ് : ഒരുക്കങ്ങൾ പൂർണ്ണം

Monday 20 May 2024 12:45 AM IST

  • തീർത്ഥാടകർ ഇന്നുമുതൽ എത്തിത്തുടങ്ങും

മലപ്പുറം: ഹജ്ജ് തീർത്ഥാടകർ തിങ്കളാഴ്ച മുതൽ കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ എത്തിത്തുടങ്ങും. ഇന്നു മുതൽ ജൂൺ ഒമ്പതു വരെയാണ് കോഴിക്കോട് എംബാർക്കേഷനിലെ ഹജ്ജ് ക്യാമ്പ് .

തീർത്ഥാടകരെ ഹൃദ്യമായി സ്വീകരിക്കുന്നതിനും യാത്രയാക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കങ്ങളും ഹജ്ജ് ക്യാമ്പിൽ പൂർത്തിയായി. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും വനിതാ ബ്ലോക്കും പ്രവർത്തന സജ്ജമായി. വിമാനത്താവളത്തിലും ഹാജിമാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 17,​883 പേരാണ് വിവിധ എംബാർക്കേഷൻ പോയിന്റുകൾ വഴി ഈ വർഷം യാത്രയാവുക. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് നിന്നും ഇത്രയും കൂടുതൽ പേർക്ക് അവസരം ലഭിക്കുന്നത്. ആകെ തീർത്ഥാടകരിൽ 7,​279 പേർ പുരുഷന്മാരും 10,​604 പേർ സ്ത്രീകളുമാണ്. രണ്ട് വയസിനു താഴെയുള്ള എട്ട് കുഞ്ഞുങ്ങളും ഇതിൽ ഉൾപ്പെടും. കോഴിക്കോട് (കരിപ്പൂർ) എംബാർക്കേഷൻ വഴി 10,​430,​ കൊച്ചി വഴി 4,​273, കണ്ണൂർ വഴി 3,​135 പേരുമാണ് യാത്രയാവുക. സംസ്ഥാനത്ത് നിന്നുളള 37 പേർ ബാംഗളൂരു, അഞ്ച് പേർ ചെന്നൈ, മൂന്ന് പേർ മുംബൈ എംബാർക്കേഷൻ പോയിന്റുകൾ വഴിയാണ് പുറപ്പെടുക. മൊത്തം തീർത്ഥാടകരിൽ 1250 പേർ 70 വയസ് കഴിഞ്ഞ റിസർവ്ഡ് കാറ്റഗറിയിൽ പെട്ടവരും 3582 പേർ ലേഡീസ് വിത്തൗട്ട് മെഹ്രം വിഭാഗത്തിൽ നിന്നുളളവരും ശേഷിക്കുന്നവർ ജനറൽ വിഭാഗത്തിൽ പെട്ടവരുമാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ പരിമിതമായ രൂപത്തിൽ ഹജ്ജ് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നു വൈകിട്ട് നാലിന് ഹജ്ജ് ഹൗസിൽ നടക്കും. മെയ് 26 നാണ് കൊച്ചിയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂൺ ഒന്നിന് കണ്ണൂരിൽ നിന്നും യാത്ര തുടങ്ങും.

  • ആദ്യവിമാനം 21ന്

കോഴിക്കോട് നിന്നും മേയ് 21ന് പുലർച്ചെ 12.05നാണ് ആദ്യവിമാനം. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 3011 നമ്പർ വിമാനത്തിൽ 166 പേർ പുറപ്പെടും. അതേ ദിവസം രാവിലെ എട്ടിനും വൈകിട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങൾ യാത്ര തിരിക്കും. ആദ്യ വിമാനം പുലർച്ചെ 3.50 ന് ജിദ്ദയിലെത്തും.

എയർ ഇന്ത്യാ എക്സ്പ്രസിന്റെ 166 പേർക്ക് സഞ്ചരിക്കാവുന്ന 59 വിമാനങ്ങളാണ് കരിപ്പൂരിൽ നിന്നും ഇതുവരെ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. കാത്തിരിപ്പ് പട്ടികയിൽ നിന്നും ഇതിനവസരം ലഭിച്ചവർക്കുള്ള അധിക വിമാനവും ജൂൺ ഒമ്പതിന് മുമ്പുള്ള ഷെഡ്യൂളിൽ ഉൾപ്പെടുത്തും. ജുലായ് ഒന്ന് മുതൽ 22 വരെയുള്ള കാലയളവിൽ മദീന വഴിയാണ് കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ മടക്കയാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

  • വിപുലമായ സൗകര്യങ്ങൾ

ആദ്യ വിമാനത്തിൽ പുറപ്പെടുന്ന തീർത്ഥാടകർ ഇന്നുരാവിലെ 10 നും രണ്ടാമത്തെ സംഘം ഉച്ചയ്ക്ക് 12നും മൂന്നാം സംഘം ഉച്ചയ്ക്ക് രണ്ടിനും ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യണം. എയർപോർട്ടിലെ പില്ലർ നമ്പർ പതിമൂന്നിലാണ് തീർത്ഥാടകർ ആദ്യം എത്തേണ്ടത്. ഇവിടെ ലഗേജുകൾ കൈമാറിയ ശേഷം ഹജ്ജ് കമ്മിറ്റി പ്രത്യേകം ഒരുക്കിയ ബസിൽ തീർത്ഥാടകരെ ഹജ്ജ് ക്യാമ്പിലേക്ക് എത്തിക്കും.

ക്യാമ്പിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും താമസം, ഭക്ഷണം, പ്രാഥമികാവശ്യം, പ്രാർത്ഥന എന്നിവയ്ക്കായി ഇരുകെട്ടിടങ്ങളിലും പ്രത്യേക ഹാളുകൾ സൗകര്യപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകർക്ക് യാത്രാരേഖകളും യാത്രാ നിർദ്ദേശങ്ങളും ക്യാമ്പിൽ വച്ച് നൽകും. വിമാനം പുറപ്പെടുന്നതിന്റെ നാല് മണിക്കൂർ മുമ്പ് തീർത്ഥാടകരെ പ്രത്യേക ബസിൽ എയർപോർട്ടിൽ എത്തിക്കും. എമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ കൂടുതൽ കൗണ്ടറുകളും സജ്ജീകരിക്കുന്നുണ്ട്.

ഓരോ വിമാനത്തിലും യാത്രയാവേണ്ട തീർത്ഥാടകർ റിപ്പോർട്ട് ചെയ്യേണ്ട സമയക്രമം ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോൺമുഖേന വിളിച്ചും വിവരം അറിയിക്കും.

200 തീർത്ഥാടകർക്ക് ഒരാൾ എന്ന അനുപാതത്തിൽ 89 പേർ ഇത്തവണ തീർത്ഥാടകരുടെ സേവനത്തിനായി യാത്രയിൽ അനുഗമിക്കും.

11,​252 പേരാണ് 2023ൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ തീർത്ഥാടനത്തിന് പോയത്

17,​883 പേരാണ് 2024ൽ തീർത്ഥാടനത്തിന് പോകുന്നത്.

Advertisement
Advertisement