വള്ളിക്കോട് നൂറുമേനി, സപ്ളൈകോ സംഭരിച്ചത് 400 ടൺ നെല്ല്

Monday 20 May 2024 12:53 AM IST

വള്ളിക്കോട് : പ്രതികൂല കാലാവസ്ഥകളെ അതിജീവിച്ച വള്ളിക്കോട്

പാടശേഖരങ്ങളിൽ നൂറുമേനി വിളവ്. സിവിൽ സപ്ളൈസ് കോർപ്പറേഷൻ ഇത്തവണ 400 ടൺ നെല്ല് ഇവിടെ നിന്ന് സംഭരിച്ചു. കാലം തെറ്റി പെയ്ത മഴയും കടുത്തവേനലും പ്രതിസന്ധിയായെങ്കിലും കർഷകർക്ക് മികച്ച വിളവ് നേടാനായി. അപ്പർകുട്ടനാട് കഴിഞ്ഞാൽ ജില്ലയിൽ കൂടുതൽ നെല്ല് ഉല്പാദനം നടക്കുന്നത് വള്ളിക്കോടാണ്.

15 വാർഡുകളിലായി പഞ്ചായത്തിൽ അഞ്ഞൂറ് ഏക്കറോളം പാടശേഖരമുണ്ട്.

പാടശേഖരങ്ങൾ വിതയ്ക്ക് പാകമാക്കിയപ്പോഴാണ് പെരുമഴ എത്തിയത്. ഇതോടെ വിത മുടങ്ങി. തുടക്കത്തിൽ നെൽ വിത്തുകൾ നശിക്കുകയും ചെയ്തു. കടുത്ത വേനലിൽ

പാടശേഖരങ്ങൾ വിണ്ടുകീറിയതും പ്രതിസന്ധിയായി.

വൈകിയിറക്കിയ കൃഷി

പ്രതികൂല കാലാവസ്ഥ കാരണം ഇത്തവണ കൃഷി ഇറക്കാൻ വൈകിയിരുന്നു. ഇതോടെ മകരത്തിൽ നടക്കേണ്ടിയിരുന്ന കൊയ്ത്ത് കുംഭത്തിലായി. കാലം തെറ്റിയ വിളവെടുപ്പ് നെല്ല് സംഭരണം പ്രതിസന്ധിയിലാകുമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് കർഷകർക്ക് സപ്ളൈകോ താങ്ങായത്.

മകരക്കൃഷി ഇറക്കിയ പാടശേഖരങ്ങൾ

1. വേട്ടക്കുളം, 2.കാരുവേലിൽ, 3.നടുവത്തോടി, 4.നരിക്കുഴി,
5.തലച്ചേമ്പ്, 6.കൊല്ലാ, 7.അട്ടത്തോട്, 8.തട്ട

വിസ്തൃതി : അഞ്ഞൂറ് ഏക്കർ

കർഷകരുടെ എണ്ണം : 210

മകര കൃഷിക്ക് ലഭിച്ചത് : 480 ടൺ നെല്ല്.

സപ്‌ളൈക്കോ സംഭരിച്ചത് : 400 ടൺ

(ബാക്കി നെല്ല് കർഷകരുടെ സ്വകാര്യ ആവശ്യങ്ങൾക്ക് )

കർഷകർക്ക് എല്ലാ സഹായവും

നെൽ കർഷകർക്ക് പഞ്ചായത്ത് എല്ലാവിധ സഹായങ്ങളും നൽകുന്നുണ്ട്. കൃഷി വകുപ്പിന്റെ സഹകരണവും ലഭിക്കുന്നു. രോഗ പ്രതിരോധ ശേഷിയുള്ള മുന്തിയ ഇനം നെൽ വിത്തുകളാണ് വിതരണം ചെയ്യുന്നത്. കാലം തെറ്റിയ മഴയും കനത്ത വെയിലുമാണ് പ്രധാന പ്രതിസന്ധി. ഇതിനെ ശാസ്ത്രീയമായി പ്രതിരോധിക്കാൻ നടപടി സ്വീകരിക്കും. കൃഷിയും ഉല്പാദനവും വർദ്ധിപ്പിക്കും.

ആർ.മോഹനൻ നായർ

(വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് )

Advertisement
Advertisement