വലിയ ഇടയന് ജന്മനാടി​ന്റെ യാത്രാമൊഴി

Monday 20 May 2024 12:56 AM IST

തിരുവല്ല: ജന്മനാടിന്റെ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങിയ മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തയ്ക്ക് നിരണത്ത് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം ഇന്നലെ വൈകിട്ട് 6.45നാണ് നിരണത്തെ സെന്റ് തോമസ് പള്ളിയിൽ എത്തിച്ചത്. ഉച്ചയ്ക്കുശേഷം മുതൽ നൂറുകണക്കിന് ആളുകൾ പള്ളിയിലും പരിസരത്തും മെത്രാപ്പോലീത്തയെ ഒരുനോക്ക് കാണാൻ എത്തിച്ചേർന്നു. പള്ളിയിൽ നടന്ന അനുസ്മരണത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളുമെല്ലാം സ്നേഹവും വാത്സല്യവും നിറഞ്ഞ മെത്രാപ്പോലീത്തയുമായുള്ള ഓർമ്മകൾ പങ്കിട്ടു. ആംബുലൻസിൽ നിന്ന് മൃതദേഹം പള്ളിയിലെത്തിച്ചപ്പോൾ കാരുണ്യവാനായ വലിയ ഇടയന്റെ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങിയ പലരും വിങ്ങിപ്പൊട്ടി. മെത്രാപ്പോലീത്തയുടെ ആകസ്മിക വിയോഗം പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ വൻജനാവലി അന്തിമോപചാരം അർപ്പിച്ചു. ആന്റോ ആന്റണി എം.പി, മാത്യു ടി.തോമസ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.ആർ.സനൽകുമാർ, ചലച്ചിത്ര സംവിധായകൻ ബ്ലസി, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.വർഗീസ് മാമ്മൻ, തിരുവല്ല നഗരസഭാദ്ധ്യക്ഷ അനു ജോർജ്, മുൻ എം.എൽ.എമാരായ ജോസഫ് എം. പുതുശ്ശേരി, രാജു എബ്രഹാം, നിരണം പഞ്ചായത്ത് പ്രസിഡന്റ് എം.ജി.രവി, മുൻ നഗരസഭ ചെയർമാൻ ആർ.ജയകുമാർ, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി.ആന്റണി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.

Advertisement
Advertisement