വേനൽ മഴ ശക്തം: തെന്മല - പരപ്പാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നില്ല

Monday 20 May 2024 12:13 AM IST

അവശേഷിക്കുന്ന വെള്ളം - 34.98 %

പുനലൂർ: ശക്തമായ വേനൽ മഴ പെയ്തിട്ടും തെന്മല - പരപ്പാർ അണക്കെട്ടിലെ ജനനിരപ്പ് കാര്യമായി ഉയർന്നില്ല. ഓരാഴ്ച തുടർച്ചയായി മഴ പെയ്തെങ്കിലും അണക്കെട്ടിൽ ഇത് പ്രതിഫലിച്ചില്ല. കാലവർഷത്തോടെയേ ജലനിരപ്പ് ഉയരൂ എന്ന നിഗമനത്തിലാണ് കെ.ഐ.പി അധികൃതർ.

115.72 സംഭരണശേഷിയുള്ള അണക്കെട്ടിൽ 34.98 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ ദിവസം പദ്ധതി പ്രദേശത്ത് 27 മില്ലി മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. അതിനിടെ അണക്കെട്ടിനോട് ചേർന്ന പവർ ഹൗസിൽ നിന്ന് കഴിഞ്ഞ ദിവസം 5.01 മെഗാവാർട്ട് വൈദ്യുതി ഉത്പാദിപ്പിച്ചതായി കെ.ഐ.പി അസി. എൻജിനിയർ ബീനാകുമാരി പറഞ്ഞു.

രണ്ട് ജനറേറ്ററുകളിൽ ഒരെണ്ണം മുഴുവൻ സമയവും മറ്റൊന്ന് പീക്ക് ടൈമിലുമാണ് പ്രവർത്തിപ്പിച്ചത്. രണ്ട് ജനറേറ്ററുകളും മുഴുവൻ സമയവും പ്രവർത്തിപ്പിച്ചാൽ 15 മെഗാവാൾട്ട് വൈദ്യുതി ദിവസവും ഉത്പാദിപ്പിക്കാൻ കഴിയും. കഴിഞ്ഞ രണ്ട് ആഴ്ച 1.4 മെഗാവാൾട്ട് വൈദ്യുതി വീതമാണ് ഒരോ ദിവസവും ഉത്പാദിപ്പിച്ചത്. ഒരു ജനറേറ്റർ മാത്രമാണ് അന്ന് പ്രവർത്തിപ്പിച്ചത്.

ഇടത് - വലതുകര കനാലുകൾ

വഴി ജലവിതരണം കുറച്ചു

രൂക്ഷമായ വേനലിനെ തുടർന്ന് കല്ലട ഇറിഗേഷന്റെ ഇടത് - വലതുകര കനാലുകൾ വഴിയുള്ള ജല വിതരണത്തിന്റെ തോതും കുറച്ചു. ജനവാസ മേഖലയിൽ മഴ ലഭിച്ചതിനെ തുടർന്ന് ഇടതുകര കനാൽ വഴി 1.40 മീറ്റർ ഉയരത്തിലും വലതുകര കനാൽ വഴി 80 സെന്റി മീറ്റർ ഉയരത്തിലുമാണ് നിലവിൽ വെള്ളം ഒഴുക്കുന്നത്. നേരത്തെ രണ്ട് മീറ്ററിന് പുറത്ത് ഉയരത്തിൽ വെള്ളം ഒഴുക്കിയിരുന്നു.

ഇന്നലെ മഴ ലഭിച്ചിരുന്നില്ല. എന്നാലും കാലവർഷം ശക്തമാകുന്നതോടെ വൈദ്യുതി ഉത്പാദനം പൂർണതോതിലാകുമെന്നാണ് പ്രതീക്ഷ.

കെ.ഐ.പി അധികൃതർ

Advertisement
Advertisement