പഠനോപകരണ വിപണനം: തിളയ്ക്കുന്ന വിലയിലും വിപണിയിൽ തിരക്ക്

Monday 20 May 2024 12:14 AM IST

 കച്ചവടക്കാർക്ക് വിനയായി ഓൺലൈൻ ഇടപാടുകൾ

കൊല്ലം: പുതിയ അദ്ധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, സ്കൂൾ വിപണി സജീവമായി. സ്പൈഡർമാനും ഡോറയും ഛോട്ടാഭീമും യൂണിക്കോണും പല വർണത്തിൽ പുത്തൻ ട്രെൻഡായി വിപണിയിൽ നിറയുകയാണ്.

പുസ്തകങ്ങൾക്ക് ചന്തം കൂട്ടാൻ വർണക്കടലാസുകളും റെഡി. കുട്ടികളെ ആകർഷിക്കുന്ന സൂപ്പർ ഹീറോകളുടെയും കാർട്ടൂൺ കഥാപാത്രങ്ങളുടെയും ചിത്രം പതിച്ച ബാഗുകളും കുടകളും പെൻസിൽ ബോക്സുമാണ് ഏറെ വിറ്റഴിയുന്നത്. കഴിഞ്ഞമാസം പകുതിയോടെ സ്കൂൾ തുറപ്പ് മുന്നിൽക്കണ്ട് കച്ചവടം തുടങ്ങിയിരുന്നു. പേ​ന​ ​മു​ത​ൽ​ ​ബാ​ഗ് ​വ​രെ​ ​എല്ലാത്തിനും ​ക​ഴി​‍​ഞ്ഞ​ ​വ​ർ​ഷ​ത്തേ​ക്കാ​ൾ​ ​ വി​ല​ ​വ​ർ​ദ്ധി​ച്ചി​ട്ടു​ണ്ട്. എന്നാൽ അതൊന്നും പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന ആശ്വാസത്തിലാണ് കച്ചവടക്കാർ. ആവശ്യക്കാരെ ആകർഷിക്കാൻ വിവിധ തരത്തിലുള്ള ഓഫറുകളും നൽകുന്നുണ്ട്. ചിലയിടങ്ങളിൽ 50 ശതമാനത്തിന് മുകളിൽ പഠനോപകരണങ്ങൾ ഇതിനോടകം വിറ്റഴിഞ്ഞു. മേയ് അവസാനത്തോടെ തിരക്ക് കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഓൺലൈനിലും കച്ചവടം തകൃതിയാണ്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് തങ്ങൾക്ക് ഭീഷണിയാണെന്നും കച്ചവടക്കാർ പറയുന്നു.

വിവിധ നിറത്തിലും ചിത്രങ്ങൾ വരച്ചതുമായ കുടകളാണ് കുട്ടികൾക്ക് കൂടുതൽ പ്രിയം. ചെറിയ കുടകളും കാലൻ കുടകളും തിരക്കി കോളേജ് വിദ്യാർത്ഥികളും എത്താറുണ്ട്.

വിലനിലവാരം

 നിലവാരമുള്ള സ്കൂൾ ബാഗുകളുടെ വില 350 രൂപയിൽ തുടങ്ങും

 ബ്രാൻഡ് അനുസരിച്ച് 2500 വരെ

ആനിമേഷൻ ചിത്രമുള്ള ത്രീഡി ബാഗുകൾ 800 രൂപ മുതൽ

 ചെറിയ കുടകൾക്കും കാലൻ കുടകൾക്കും 350 രൂപ മുതൽ

 റെയിൻ കോട്ടുകൾ 200 രൂപ മുതൽ

 ലൈറ്റ് തെളിയുന്ന ലേസർ കുടകൾക്ക് 650 രൂപ

 വെള്ളം ചീറ്റുന്ന കുടകൾക്ക് 450 രൂപ

 വാഹനങ്ങളുടെ രൂപത്തിലുള്ള പെൻസിൽ ബോക്സുകൾക്ക് 30- 170 രൂപ

 നെയിം സ്ലിപ്പുകൾ 6 രൂപ മുതൽ

 നോട്ട് ബുക്കുകൾ 20 രൂപ മുതൽ

 ബ്രൗൺ പേപ്പർ റോളിന് 90 രൂപ മുതൽ

വിപണിയിൽ പൊലീസും

കൊല്ലം എ.ആർ ക്യാമ്പ്, കൊട്ടാരക്കര, അഞ്ചൽ എന്നിവിടങ്ങളിൽ കൊല്ലം പൊലീസ് സഹകരണസംഘത്തിന്റെ നേതൃത്വത്തിലാണ് സ്കൂൾ വിപണി ആരംഭിച്ചിരിക്കുന്നത്. പൊതു വിപണിയേക്കാൾ 50 ശതമാനം വിലക്കുറവുണ്ട്. പ്രമുഖ കമ്പനി നോട്ട് ബുക്കുകളുടെ അതേ ഗുണമേന്മയിൽ ത്രിവേണിയുമായി ചേർന്ന് പൊലീസ് സൊസൈറ്റി സ്വന്തമായും നോട്ട് ബുക്കുകൾ പുറത്തിറക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് ഏഴ്‌ വരെയാണ് പ്രവർത്തനം.

Advertisement
Advertisement