ജില്ലയിൽ ഫയർ ഹൈഡ്രന്റ് നടപടി വേഗത്തിൽ

Monday 20 May 2024 12:15 AM IST

കൊല്ലം: ഫയർ എൻജിനുകളിൽ വളരെവേഗം വെള്ളം നിറയ്ക്കാനുള്ള സംവിധാനമായ ഫയർ ഹൈഡ്രന്റ് ജില്ലയിൽ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. വാട്ടർ അതോറിറ്റിയാണ് ഫയർ ഹൈഡ്രന്റ് സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്ര് തയ്യാറാക്കുന്നത്.

ഫയർഫോഴ്സിൽ നിന്ന് വാട്ടർ അതോറിറ്റിക്ക് ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. വാട്ടർ അതോറിറ്റി സബ് ഡിവിഷനുകളിലെ അസിസ്റ്റന്റ് എക്സി. എൻജിനിയർമാരെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി നിയോഗിച്ചു. അസിസ്റ്റന്റ് എക്സി. എൻജിനിയരുടെ നിർദ്ദേശപ്രകാരം അസി. എൻജിനിയർമാർ എസ്റ്റിമേറ്റെടുക്കും. തുടർന്ന് ലഭിക്കുന്ന എസ്റ്റിമേറ്റ് എക്സിക്യുട്ടീവ് എൻജിനിയർ പരിശോധിക്കുകയും ശേഷം സാമ്പത്തികാനുമതിക്കും ഭരണാനുമതിക്കുമായി സർക്കാരിന് നൽകുകയും ചെയ്യും.

ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് ഫയർ ഹൈഡ്രന്റ് സ്ഥാപിക്കും. ഒരാഴ്ചയ്ക്കകം എസ്റ്റിമേറ്റ് തയ്യാറാകും. തദ്ദേശസ്ഥാപനങ്ങളും വാട്ടർ അതോറിറ്രിയും ദുരന്ത നിവാരണ അതോറിറ്റിയും ചേർന്നാണ് പദ്ധതി നടപ്പാക്കേണ്ടത്. ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നാണ് ഫണ്ട് ലഭിക്കേണ്ടത്.

ഓരോ സ്റ്റേഷൻ പരിധിയിലും തീപിടിത്ത സാദ്ധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ ഫയർ ഹൈഡ്രന്റ് സ്ഥാപിക്കണമെന്നാണ് ആവശ്യം. ജില്ലയിൽ ഫയർ ഹൈഡ്രന്റ് സംവിധാനം ഇല്ലാത്തത് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാർച്ച് 13ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു.

ദുരന്തമുഖത്ത് സമയം പാഴാവില്ല

 ഫയർ ഹൈഡ്രന്റ് യാഥാർത്ഥ്യമാകുന്നതോടെ വലിയ തീപിടിത്തങ്ങളെ നേരിടാൻ ജില്ലയിൽ അഗ്നിശമനസേന പൂർണമായും സജ്ജമാകും

 വലിയ തീപിടിത്തമുണ്ടായാൽ കെടുത്തുന്നതിന് മുമ്പ് തന്നെ വാഹനങ്ങളിലെ വെള്ളം തീരുന്നത് പതിവ്

പൊടുന്നനെ വീണ്ടും നിറയ്ക്കാനാണ് ഫയ‌ർ ഹൈഡ്രന്റുകൾ സ്ഥാപിക്കുന്നത്

 ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലാണ് ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കുക

 വാട്ടർ അതോറിറ്റിയുടെ ഓവർ ഹെഡ് ടാങ്കിൽ നിന്നോ ‌മറ്റ് ജലസ്രോതസുകളിൽ നിന്നോ ആകും വെള്ളം ലഭ്യമാക്കുക

 അഗ്നിശമന സേനയുടെ വാഹനങ്ങൾക്ക് വെള്ളം ശേഖരിക്കാൻ ഭൂമിക്ക് മുകളിൽ വാൽവുകളുണ്ടാകും

 ഫയർ ഹൈഡ്രന്റിൽ നിന്ന് നേരിട്ട് വെള്ളം പമ്പ് ചെയ്യാനും സാധിക്കും

ജില്ലയിലെ ഫയർ സ്റ്റേഷനുകൾ

 കടപ്പാക്കട  ചാമക്കട  പരവൂർ  കുണ്ടറ  പുനലൂർ  കടയ്ക്കൽ  ശാസ്താംകോട്ട  കരുനാഗപ്പള്ളി  കൊട്ടാരക്കര  പത്തനാപുരം  ചവറ

ഫയർ ഹൈഡ്രന്റുകൾ സ്ഥാപിച്ചാൽ വലിയ തീപിടിത്തം ഉണ്ടായാലും ജലക്ഷാമം നേരിടില്ല. സമയം പാഴാക്കാതെ രക്ഷാപ്രവർത്തനം നടത്താനാകും.

ഫയർഫോഴ്സ് അധികൃതർ

Advertisement
Advertisement