സെക്കൻഡ് ഹാൻഡ് വാഹന വിപണി കടുത്ത പ്രതിസന്ധിയിലേക്ക്

Tuesday 21 May 2024 1:16 AM IST

കൊച്ചി: സാമ്പത്തിക മേഖലയിലെ തളർച്ചയും പേര് മാറ്റുന്നതുൾപ്പെടെയുള്ള നടപടികളിലെ അനിശ്ചിതത്വങ്ങളും സംസ്ഥാനത്തെ യൂസ്ഡ് കാർ വില്പന മേഖലയെ പ്രതികൂലമായി ബാധിക്കുന്നു. ഇരുനൂറ്റമ്പത് രൂപ അധികം വാങ്ങി ആർ.സി ബുക്കിന്റെ ട്രാൻസ്ഫറിനും പ്രിന്റിംഗിനും അപേക്ഷകൾ സ്വീകരിച്ചിട്ട് മാസങ്ങളായി നടപടികളൊന്നുമായിട്ടില്ല. 12 ലക്ഷം ആർസി ട്രാൻസ്ഫർ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നതെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർചൂണ്ടിക്കാട്ടുന്നു.ആര്‍സി ബുക്കുകള്‍ ലഭ്യമാക്കാത്തതുമൂലം സെക്കന്‍ഡ് ഹാന്‍ഡ് വാഹന വില്‍പ്പന വിപണി വലിയ തകര്‍ച്ച നേരിടുകയാണ്. ആര്‍സി അച്ചടിക്കുന്ന സ്ഥാപനത്തിന് തുക നൽകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

ആര്‍സി ബുക്ക് ലഭിക്കാത്തതുമൂലം വില്‍പ്പന നടത്തിയ വാഹനങ്ങളുടെ ഇൻഷ്വറൻസ് പുതിയ ഉടമകൾക്ക് കൈമാറാൻ സാധിക്കുന്നില്ല. വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ ഇതുമൂലം തുക ക്ലെയിം ചെയ്യാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. ടാക്‌സികൾക്ക് ഇതര സംസ്ഥാനങ്ങളിലേക്ക് പോകാനും മറ്റ് സംസ്ഥാനങ്ങളിലെ സ്‌റ്റേറ്റ് പെർമിറ്റ് കിട്ടാനും ആർ.സി ബുക്ക് അത്യാവശ്യമാണ്.

മാന്ദ്യ സമാന സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ പാടുപെടുന്ന വിപണിയെ സർക്കാരിന്റെ നടപടിക്രമങ്ങളിലെ പാളിച്ചകൾ പ്രതികൂലമായി ബാധിക്കുകയാണെന്ന് സെക്കൻഡ് വാഹന രംഗത്തെ വിതരണക്കാർ ചൂണ്ടിക്കാട്ടുന്നു.

Advertisement
Advertisement