ടെസ്‌ല ഇന്ത്യയിലെത്താൻ വൈകും

Tuesday 21 May 2024 12:19 AM IST

കൊച്ചി: പ്രമുഖ അമേരിക്കൻ വാഹന കമ്പനിയായ ടെസ്‌ല ഇന്ത്യൻ വിപണിയിൽ ഉടനെയെത്താനുള്ള സാദ്ധ്യതകൾ മങ്ങുന്നു. ഇന്ത്യയിൽ ടെസ്‌ലയുടെ വാഹനങ്ങൾ ലഭ്യമാക്കുന്നതിനെ കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാരിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ മാസം പൊതു തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്താൻ ടെസ്‌ലയുടെ ഉടമ ഇലോൺ മസ്ക്ക് ഇന്ത്യയിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം സന്ദർശനം റദ്ദ് ചെയ്യുകയായിരുന്നു. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം ഡ്രൈവർലെസ് കാറുകളുടെ വിപണനവുമായി ബന്ധപ്പെട്ട് മസ്‌ക് ചൈനയിലെത്തുകയും ചെയ്തു. ഇതോടെയാണ് ഇന്ത്യൻ വിപണിയിൽ പ്രവർത്തനം തുടങ്ങാൻ മസ്ക്കിന് തിടുക്കമില്ലെന്ന് വ്യക്തമായത്.

ടെസ്ല ഉൾപ്പെടെയുള്ള ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പുതിയ നയം പ്രഖ്യാപിച്ചെങ്കിലും കാര്യമായ പ്രതികരണം ലഭിച്ചിട്ടില്ല. ഇത്രയും ദിവസങ്ങൾ കഴിഞ്ഞെങ്കിലും ടെസ്‌ലയുടെ മുതിർന്ന മാനേജ്‌മെന്റിൽ നിന്നും യാതൊരു പ്രതികരണവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിലൊരാളായ ഇലോൺ മസ്ക്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല വരുന്നതോടെ രാജ്യത്തെ വൈദ്യുത വാഹന വിപണിയിൽ വിപ്ളവകരമായ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഉയർന്ന നികുതി പ്രധാന തലവേദന

വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ ചുമത്തുന്ന ഉയർന്ന നികുതിയാണ് ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ പ്രവേശനത്തിലുള്ള ‌ഏറ്റവും വലിയ വെല്ലുവിളി. നിലവിൽ ക്രൂഡോയിൽ അടിസ്ഥാനമായി ‌ഓടുന്ന വാഹനങ്ങൾക്ക് തത്തുല്യമായ 60 ശതമാനം നികുതിയാണ് വൈദ്യുതി വാഹനങ്ങൾക്കും ഇന്ത്യ ഈടാക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി നികുതി 40 ശതമാനമായി കുറയ്ക്കണമെന്നാണ് ടെസ്ലയുടെ ആവശ്യം. ഇന്ത്യയിൽ ഉത്പാദന കേന്ദ്രം ആരംഭിക്കുന്നതിന് മുൻപ് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ച് സാധ്യതകൾ പരിശോധിക്കാനാണ് ടെസ്‌ലയുടെ ശ്രമം. ഇന്ത്യയിലെ വൈദ്യുത വാഹനങ്ങളുടയ വിൽപ്പന കുത്തനെ കൂടുന്നതാണ് ടെസ്‌ലയ്ക്കും ആവേശം സൃഷ്ടിക്കുന്നത്

Advertisement
Advertisement