ഹരിദാസന് വെള്ളം ചുമന്ന് ജീവിക്കണം എന്നെന്നും

Monday 20 May 2024 2:23 AM IST

അമ്പലവയൽ: അടിത്തട്ടിൽ നെല്ലിപ്പലക പാകിയ കിണറിലെ അതിശുദ്ധമായ വെള്ളം തോളിലെ വടിയുടെ രണ്ടറ്റവും തൂക്കി നാല്പത്തിയേഴു വർഷമായി നടക്കുകയാണ് ഹരിദാസൻ. നാട്ടിലാകെ പൈപ്പ് വെള്ളം വന്നതും കിണറുകൾ വ്യാപകമായതും ഏറ്റവും ഒടുവിൽ കുഴൽകിണറുകൾ വന്നതും തിരിച്ചടിയായി ഹരിദാസൻ കാണുന്നില്ല. കാരണം, ഈ വെള്ളത്തിന് ആവശ്യക്കാരുണ്ട്.

അറുപത്തിയേഴാം വയസിലും ആണ്ടൂർ കുറിഞ്ഞിലകം കൊടിയാട്ടിൽ ഹരിദാസൻ രാവിലെയും വൈകിട്ടും ഒരു ദിവസം പോലും മുടങ്ങാതെ വെള്ളവുമായി വരും. ഒരാൾക്ക് രണ്ടുപാട്ടയിലെയും വെള്ളം ഒരുമിച്ചേ കൊടുക്കൂ.25 രൂപ വാങ്ങും. ഓരോ തവണയും ഒരു കിലോമീറ്ററാേളം മടങ്ങിപ്പോയി വെള്ളം കൊണ്ടുവരും.

47 വർഷമായി ഒരേ കിണറിൽ നിന്നാണ് വെള്ളമെടുക്കുന്നത്. അമ്പലവയൽ ടൗണിൽ പി.ഡബ്ല്.ഡി 1952ൽ നിർമ്മിച്ച കിണർ അടിയിൽ നെല്ലിപ്പലക പാകി ഇഷ്ടിക കുമ്മായത്തിൽ കെട്ടിയതാണ്. ആണ്ടൂരിലെ താമസ സ്ഥലത്ത് നിന്ന് അമ്പലവയലിലേയ്ക്ക് ബസിൽ വന്നാണ് ജലവിതരണം തുടങ്ങുന്നത്.

ആദ്യകാലങ്ങളിൽ പത്തും പതിനഞ്ചും പേർ ഈ ജോലി ചെയ്തിരുന്നു. കടകളിലും വീടുകളിലും പൈപ്പ് വെള്ളം എത്താൻ തുടങ്ങിയതോടെ മറ്റുള്ളവർ പിൻമാറി. ഭാര്യയെയും രണ്ട് പെൺമക്കളെയും പോറ്റാൻ ഇരുപതാം വയസിൽ തുടങ്ങിയ ഈ ജോലി മതിയെന്ന് ഹരിദാസൻ തീരുമാനിക്കുകയായിരുന്നു.ഹരിദാസൻ മാത്രമാണിപ്പോൾ കപ്പിയും കയറും ഉപയോഗിച്ച് വെള്ളം കോരുന്നത്. ഇരുപതിലേറെ സ്ഥാപനങ്ങളിലാണ് വെള്ളം നൽകുന്നത്.

Advertisement
Advertisement