ഭാര്യയെ വെട്ടിക്കൊന്ന് പൊലീസിൽ കീഴടങ്ങി # ഓസ്ട്രേലിയയിൽ നിന്ന് മടങ്ങിയെത്തിയത് അടുത്തിടെ

Monday 20 May 2024 2:33 AM IST

കോലഞ്ചേരി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കോലഞ്ചേരി തോന്നിയ്ക്ക വേണാട്ട് ലീലയാണ് (64) കൊല്ലപ്പെട്ടത്. ഭർത്താവ് ജോസഫ് (വേണാട്ട് ജോയി, 71) പുത്തൻകുരിശ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.

ഇന്നലെ വൈകിട്ട് 5 നായിരുന്നു കൊലപാതകം. ജോസഫ് രാത്രി 7 മണിയോടെ സ്റ്റേഷനിൽ ഹാജരായി. ഭാര്യയും മക്കളും സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചതാണ് കാരണമെന്ന് ജോസഫ് മൊഴി നൽകി. മൂന്ന് മക്കളും വർഷങ്ങളായി വിദേശത്താണ്. ദമ്പതികളും ഓസ്ട്രേലിയയിൽ മകനൊപ്പമായിരുന്നു. മൂന്ന് മാസം മുമ്പ് ജോസഫ് നാട്ടിലെത്തി. ഒരാഴ്ച മുമ്പാണ് ലീല എത്തിയത്. ഇന്നലെ വൈകിട്ട് തർക്കത്തിനിടെ അടുക്കളയിൽ വച്ച് അരിവാൾ ഉപയോഗിച്ച് ലീലയുടെ കഴുത്തിൽ വെട്ടിയെന്നാണ് ജോസഫിന്റെ മൊഴി.

ശരീരമാസകലം വെട്ടേറ്റിരുന്നതായി പുത്തൻകുരിശ് ഡിവൈ.എസ്.പി നിഷാദ്മോൻ പറഞ്ഞു. മൃതദേഹം ചോരയിൽ കുളിച്ച നിലയിൽ അടുക്കളയിലാണ്. വീടും പരിസരവും പൊലീസ് സീൽ ചെയ്തു. ഇന്ന് ഉന്നത ഉദ്യോഗസ്ഥർ എത്തി മേൽ നടപടികൾ സ്വീകരിക്കും.

പൊലീസ് വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാർ സംഭവമറിയുന്നത്.

കൊച്ചി - ധനുഷ്കോടി ദേശീയപാത തോന്നിയ്ക്ക ജംഗ്ഷന് സമീപമാണ് വീട്. വൈകിട്ട് ശക്തമായ മഴയായിരുന്നതിനാൽ വാക്കേറ്റവും കൊലപാതകവും നാട്ടുകാർ അറിഞ്ഞിരുന്നില്ല. മക്കൾ: സ്മിത, സരിത, എൽദോസ് (മൂവരും വിദേശത്ത്). മരുമക്കൾ: മനോജ് തോമസ്, മനോജ് നൈനാൻ, അനു.

Advertisement
Advertisement