ഒളിവിലെ ഓർമ്മകളുമായി വീണ്ടും കെ.പി.എ.സി

Monday 20 May 2024 2:34 AM IST
ഒളിവിലെ ഓ‍ർമ്മകൾ റിഹേഴ്സൽ ക്യാംപിൽ നിന്ന്

തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടുകൾക്കുമുമ്പ് കേരളത്തിലും പുറത്തുമായി നൂറു കണക്കിന് വേദികളെ ആവേശം കൊള്ളിച്ച കായംകുളം കെ.പി.എ.സിയുടെ ' ഒളിവിലെ ഓർമ്മകൾ " വീണ്ടും അരങ്ങിലെത്തുന്നു. തോപ്പിൽ ഭാസിയുടെ ജന്മശതാബ്ദിയും കെ.പി.എ.സിയുടെ വജ്രജൂബിലിയും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പുനരവതരണം. മേയ് 22 ന് തിരുവനന്തപുരം കാർത്തികതിരുനാൾ തിയേറ്ററിൽ സംവിധായകൻ അടൂർഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും.

ജന്മിത്വത്തിനെതിരായി അരങ്ങേറിയ തീഷ്ണമായ കമ്മ്യൂണിസ്റ്റ്‌പോരാട്ടത്തിന്റെ നാടകാവിഷ്‌കാരമാണിത്. മദ്ധ്യതിരുവിതാംകൂറിലെ സമരങ്ങളുമായി ബന്ധപ്പെട്ട് തോപ്പിൽഭാസി ഒളിവിൽ കഴിഞ്ഞ അഞ്ചുവർഷത്തെ രാഷ്ട്രീയ ചരിത്രം ഉൾക്കൊള്ളുന്ന ആത്മകഥാപരമായ കൃതിയാണ് അദ്ദേഹം തന്നെ പിന്നീട് നാടകമാക്കി സംവിധാനം ചെയ്തത്. 1992 ആഗസ്റ്റ് 23 നായിരുന്നു ആദ്യ അവതരണം. അന്നത്തെ നാടകത്തിന് ഒരു മാറ്റവും വരുത്താതെയാണ് വീണ്ടും അവതരിപ്പിക്കുക. വയലാറും കെ.കേശവൻ പോറ്റിയും എഴുതി കെ.രാഘവൻ സംഗീതം നൽകിയ അഞ്ചു ഗാനങ്ങളും നിലനിറുത്തി. ആർട്ടിസ്റ്റ് സുജാതന്റേതാണ് രംഗപടം. പശ്ചാത്തല സംഗീതം ഉദയകുമാർ അഞ്ചൽ. മനോജ് നാരായണനാണ് ഇപ്പോൾ നാടകം ചിട്ടപ്പെടുത്തിയത്. 12 ഓളം അഭിനേതാക്കൾ കഥാപാത്രങ്ങളാവും.

ഒരു ഇൻസ്‌പെക്ടർ ഉൾപ്പെടെ അഞ്ചു പൊലീസുകാർ കൊല്ലപ്പെടുകയും അതിന്റെപേരിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തകരും കർഷകത്തൊഴിലാളികളും കൊടിയ പൊലീസ് പീഡനം ഏറ്റുവാങ്ങുകയും ചെയ്യേണ്ടിവന്ന ശൂരനാട് വിപ്ലവമാണ് നാടകത്തിന്റെ കേന്ദ്ര ബിന്ദു.

65 നാടകങ്ങളുടെ തിളക്കം

75 വർഷങ്ങൾക്കിടയിൽ 65 നാടകങ്ങളിലൂടെ മലയാളികളുടെ അഭിമാനമായി മാറിയ പ്രസ്ഥാനമാണ്‌ കേരള പീപ്പിൾസ് ആർട്സ് ക്ലബ് (കെ.പി.എ.സി). കേരള മണ്ണിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‌ വേരോട്ടമുണ്ടാക്കുന്നതിൽ കെ.പി.എ.സി വഹിച്ച പങ്ക് വളരെ വലുതാണ്. 1950ൽ എറണാകുളത്ത് ഒരു ലോഡ്ജ് മുറിയിൽ കലാ സ്‌നേഹികളായ ചില വ്യക്തികളുടെ ചർച്ചയിൽ ഉടലെടുത്ത പ്രസ്ഥാനം. സ്ഥാപക പ്രസിഡന്റ് ജി. ജനാർദ്ദനക്കുറുപ്പും സെക്രട്ടറി എൻ.രാജഗോപാലൻ നായരും ചേർന്ന് എഴുതി തിരുവനന്തപുരം വി.ജെ.ടി ഹാളിൽ അവതരിപ്പിച്ച എന്റെ മകനാണ് ശരി ആയിരുന്നു ആദ്യ സമ്പൂർണ്ണ നാടകം. 1952 ലാണ്‌ തോപ്പിൽഭാസി രചിച്ച നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി വേദിയിലെത്തിയത്.

Advertisement
Advertisement