സോളാർ സമരവിഷയം അടഞ്ഞ അദ്ധ്യായം: എം.വി. ഗോവിന്ദൻ

Monday 20 May 2024 2:37 AM IST

കണ്ണൂർ: സോളാർ സമര വിഷയം അടഞ്ഞ അദ്ധ്യായമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കണ്ണൂർ നായനാർ അക്കാഡമിയിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രി സമ്മതിച്ചതോടെയാണ് അന്ന് സമരം അവസാനിപ്പിച്ചത്. അന്നത്തെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് നടപ്പാകാത്തതിൽ വീഴ്ചകളൊന്നുമില്ല. എല്ലാ മുദ്രാവാക്യങ്ങളും നടപ്പിലാകണമെന്നില്ല. എത്ര കാലമായി ഇൻക്വിലാബ് സിന്ദാബാദെന്ന് ഞങ്ങളും നിങ്ങളുടെ യൂണിയനും വിളിക്കാൻ തുടങ്ങിയിട്ട്. അതു നടപ്പിലായോ. ഇന്നോ നാളെയോ നടപ്പിലാകുമായിരിക്കും- ഗോവിന്ദൻ പറഞ്ഞു.

പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ പേരിൽ രക്തസാക്ഷി മന്ദിരം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിൽ നിന്ന് എം.വി. ഗോവിന്ദൻ ഒഴിഞ്ഞുമാറി. നിങ്ങൾ അജൻഡ സെറ്റ് ചെയ്തിട്ട് പ്രതികരിക്കണമെന്ന് പറഞ്ഞാൽ അതു നടക്കുകയില്ല. എന്നിട്ട് ഞങ്ങൾ എന്തെങ്കിലും പറഞ്ഞാൽ അതു വിവാദമാക്കലാണ് നിങ്ങളുടെ പണി. പാനൂർ രക്തസാക്ഷി മന്ദിരം ഉദ്ഘാടനത്തിന് പോകും. പാർട്ടി ജില്ലാക്കമ്മറ്റിയാണ് പരിപാടി നിശ്ചയിച്ചത്. അതിൽ കൂടുതൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ പാർട്ടി ജില്ലാക്കമ്മിറ്റിയോട് ചോദിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു.

Advertisement
Advertisement