അവയവക്കടത്തിലെ പ്രധാന കണ്ണി പിടിയിൽ

Monday 20 May 2024 2:39 AM IST

നെടുമ്പാശേരി: അന്താരാഷ്ട്ര അവയവക്കടത്ത് സംഘത്തിലെ മുഖ്യ ഇടനിലക്കാരൻ സാബിത്ത് നാസർ (30) കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി. ഇയാളെ നെടുമ്പാശേരി പൊലീസിന് കൈമാറി.

ശനിയാഴ്ച്ച രാത്രി ഇറാനിൽ നിന്ന് കുവൈറ്റ് വഴിയാണ് ഇയാൾ കൊച്ചിയിലെത്തിയത്. എൻ.ഐ.എ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. മലയാളി ഉൾപ്പെടെ 20ഓളം പേരെ അവയവക്കടത്തിന്റെ ഭാഗമായി ഇയാൾ വിദേശത്തേക്ക് എത്തിച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്. തൃശൂർ വലപ്പാട് എടമുട്ടം കോരുക്കുളത്ത് വീട്ടിൽ എന്ന അഡ്രസാണ് ഇയാൾ നൽകിയിരുന്നത്. ഇത് വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. അഞ്ച് വർഷം മുമ്പ് സാബിത്ത് പത്ത് ദിവസം വാടകയ്ക്ക് താമസിച്ച വീടിന്റെ വിലാസമാണിത്. വീട്ടുടമയും ഇത് സ്ഥിരീകരിച്ചു. ആര് വഴിയാണ് ഇയാൾ ഇവിടെയെത്തിയത് എന്നത് സംബന്ധിച്ചും അന്വേഷണം നടത്തും. പ്രതിയെ ഇന്ന് അങ്കമാലി കോടതിയിൽ ഹാജരാക്കും.

Advertisement
Advertisement