കെ.എസ്.ആർ.ടി.സി നയം പരിഷ്കരിക്കുന്നു ബസ് വൈകി യാത്ര മുടങ്ങിയാൽ ടിക്കറ്റ് നിരക്ക് തിരികെ നൽകും

Monday 20 May 2024 3:05 AM IST

തിരുവനന്തപുരം: ടിക്കറ്റ് റിസർവ് ചെയ്ത ബസ് പുറപ്പെടാൻ രണ്ടുമണിക്കൂറിലധികം വൈകി യാത്രക്കാരന് അതിൽ പോകാൻ പറ്റാത്ത സാഹചര്യമുണ്ടായാൽ ടിക്കറ്റ് നിരക്ക് തിരികെ നൽകുന്നതടക്കം കെ.എസ്.ആർ.ടി.സിയുടെ റിസർവേഷൻ നയം പരിഷ്കരിക്കുന്നു. സർവീസ് റദ്ദാക്കിയാൽ പകരം ഏർപ്പെടുത്തുന്ന ബസിൽ യാത്ര ചെയ്തില്ലെങ്കിലും റിസർവ് ചെയ്ത തുക 24 മണിക്കൂറിനുള്ളിൽ യാത്രക്കാരന്റെ അക്കൗണ്ടിലേക്ക് തിരികെ നൽകും. സി.എം.ഡി പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സമിതിയുടേതാണ് നിർദ്ദേശം.

ഓൺലൈൻ സേവന ദാതാവിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന സാങ്കേതിക പിഴവുമൂലം യാത്ര തടസപ്പെട്ടാൽ അവരിൽ നിന്ന് പിഴ ഈടാക്കി നൽകും.

ലക്ഷ്യസ്ഥാനം വരെ സർവീസ് നടത്താതെ പാതി വഴിയിൽ അവസാനിപ്പിക്കേണ്ടി വന്നാൽ അതുമുതലുള്ള ടിക്കറ്റ് തുക രണ്ടു ദിവസത്തിനുള്ളിൽ യാത്രക്കാരന് തിരികെ നൽകും.

സാങ്കേതിക തകരാർ കാരണം ഓൺലൈൻ ടിക്കറ്റ് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അതേ ബസിൽ നിന്നുതന്നെ ടിക്കറ്റ് വാങ്ങേണ്ടിവന്നാൽ നിബന്ധനയ്ക്ക് വിധേയമായി അടിസ്ഥാന നിരക്കിന്റെ 50 ശതമാനം റീഫണ്ട് ചെയ്യും. ടിക്കറ്റിന്റെ പകർപ്പ് ഹാജരാക്കണം.

റീ ഫണ്ട് വൈകിയാൽ

ഉദ്യോഗസ്ഥർക്ക് പിഴ

റിസർവേഷൻ സോഫ്റ്റ്‌വെയറിന്റെ സാങ്കേതിക തകരാർ കാരണം ട്രിപ്പ് ഷീറ്റിൽ ടിക്കറ്റ് വിശദാംശങ്ങൾ കാണാതെ യാത്ര മുടങ്ങിയാലും മുഴുവൻ തുകയും തിരികെ നൽകും

നിശ്ചിത പിക്കപ്പ് പോയിന്റിൽ നിന്ന് യാത്രക്കാരനെ ബസിൽ കയറ്റാനാകാത്ത സാഹചര്യമുണ്ടായാലും ടിക്കറ്റ് തുക മടക്കി നൽകും

റീ ഫണ്ട് നൽകുന്നതിൽ കാലതാമസം നേരിട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നും പിഴ ഈടാക്കും

റിസർവ് ചെയ്ത ഉയർന്ന ക്ലാസ് സർവീസിന് പകരം ലോവർ ക്ലാസ് സർവീസിൽ യാത്ര ചെയ്യേണ്ടി വന്നാൽ യാത്രാ നിരക്കിലെ വ്യത്യാസം തിരികെ നൽകും

Advertisement
Advertisement