'എന്റെ  മകൾ  അനുഭവിച്ച  വേദന  കൊലയാളിയും അറിയണം'; വിധിയിൽ പ്രതികരിച്ച് നിയമ വിദ്യാർത്ഥിനിയുടെ അമ്മ

Monday 20 May 2024 3:21 PM IST

കൊച്ചി: ഈ ഒരു ദിവസത്തിന് വേണ്ടിയാണ് താൻ കാത്തിരുന്നതെന്ന് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനിയുടെ അമ്മ. തന്റെ മകൾ അനുഭവിച്ച വേദന കൊലയാളിയായ അമീറുൽ ഇസ്‌ലാമും അനുഭവിക്കണമെന്ന് അവർ പറഞ്ഞു. കേസിലെ പ്രതിയായ അസം സോലപത്തൂർ സ്വദേശി അമീറുൽ ഇസ്ലാമിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ച വധശിക്ഷ ഹെെക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നിയമ വിദ്യാർത്ഥിയുടെ അമ്മ. പ്രതി നൽകിയ അപ്പീൾ തള്ളിക്കൊണ്ടായിരുന്നു ഹെെക്കോടതി തീരുമാനം. പ്രതിയെ എത്രയും പെട്ടെന്ന് തൂക്കിക്കൊല്ലണമെന്നും അവർ കൂട്ടിച്ചേർത്തു.

2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ സ്വദേശിയും നിയമ വിദ്യാർത്ഥിയുമായ യുവതി കൊല്ലപ്പെട്ടത്. കനാൽ പുറമ്പോക്കിലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് പ്രതി കൃത്യം നടത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിനിരയായാണ് നിയമ വിദ്യാർത്ഥി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. 38 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ അതേവർഷം ജൂൺ പതിനാറിനാണ് പ്രതി പിടിയിലായത്.

മാസങ്ങൾ നീണ്ട വിചാരണയ്‌ക്കൊടുവിൽ വിചാരണക്കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചു. ഇതിനെതിരെ പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. താൻ നിരപരാധിയാണ്. തനിക്കെതിരെയുള്ള തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണ്. തന്നെ പിടികൂടിയ ശേഷമാണ് ശാസ്ത്രീയ തെളിവുകൾ ഉണ്ടാക്കിയത്. കൃത്യം നടത്തിയത് മറ്റാരോ ആണ്. യുവതിയെ മുൻപരിചയമില്ലെന്നും തന്നെ വെറുതെ വിടണമെന്നുമായിരുന്നു അമിറുൾ ഇസ്ലാമിന്റെ ഹർജിയിലുള്ളത്.

നേരത്തെ അസാമിലെ ജയിലിലേക്ക് തന്നെ മാറ്റണമെന്ന് ചൂണ്ടിക്കാട്ടി പ്രതി മുമ്പ് ഹർജി നൽകിയിരുന്നു. അസാമിലുള്ള ഭാര്യയും മാതാപിതാക്കളും അതീവ ദാരിദ്ര്യത്തിലായതിനാൽ വിയ്യൂരിൽ എത്തി തന്നെ സന്ദർശിക്കാൻ ബുദ്ധിമുട്ട് നേരിടുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയെ സമീപിച്ചത്. ഇത് കോടതി തള്ളിയിരുന്നു. ഒരാൾക്ക് വധശിക്ഷ വിധിച്ചാൽ അത് നടപ്പാക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി വേണമെന്നാണ് ഇപ്പോഴത്തെ നിയമം. അതിനാൽ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയും ഹൈക്കോടതി പരിഗണിച്ചു.

ഹ‌ർജിയിൽ വിധി വന്നതോടെ റിപ്പർ ചന്ദ്രന് ശേഷം കേരളത്തിൽ തൂക്കിലേറ്റുന്നയാളാകും അമിറുൾ ഇസ്ലാം. 15 പേരെ കൊലപ്പെടുത്തിയ റിപ്പർ ചന്ദ്രനെ 1991 ജൂലായിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് തൂക്കിലേറ്റിയത്. പൊള്ളാച്ചി സ്വദേശിയായ യുവാവിന് രണ്ട് ലക്ഷം രൂപ പ്രതിഫലം കൊടുത്താണ് റിപ്പർ ചന്ദ്രനെ തൂക്കിലേറ്റിയതെന്ന് ജയിൽ രേഖകൾ പറയുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ 1979 ലാണ് അവസാനം വധശിക്ഷ നടപ്പിലാക്കിയത്. കളിയിക്കാവിള സ്വദേശി അഴകേശനെയാണ് തൂക്കിലേറ്റിയത്.

Advertisement
Advertisement