ചിറാപുഞ്ചിയിൽ മലയാളി സൈനികൻ മുങ്ങി മരിച്ചു

Tuesday 21 May 2024 4:31 AM IST

അനീഷ്

അത്തോളി (കോഴിക്കോട്): ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മലയാളി സൈനികൻ മുങ്ങി മരിച്ചു. ആർമിയിൽ ഹവിൽദാറായ അത്തോളി കുനിയിൽ കടവ് മരക്കാടത്ത് പരേതനായ ഗോപാലന്റെ മകൻ അനീഷാണ് (42) മരിച്ചത്. ചിറാപുഞ്ചിയിലെ ലിംഗ്സിയാർ വെളളച്ചാട്ടം കാണാൻ കുടുംബവുമൊത്ത് എത്തിയതായിരുന്നു. ഞായറാഴ്ച വൈകിട്ട് 3.30നാണ് അപകടമുണ്ടായത്.

അവധിക്കു ശേഷം കഴിഞ്ഞ 12നാണ് അനീഷ് കുടുംബസമേതം ജോലി സ്ഥലമായ മേഘാലയയിലേക്ക് പോയത്. 2004ലാണ് സൈന്യത്തിൽ ചേർന്നത്. മൃതദേഹം ഇന്നുച്ചയ്ക്ക് 1.30ന് വിമാനമാർഗം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. യശോദയാണ് അമ്മ. ഭാര്യ: സജിന. മക്കൾ: അവന്തിക, അനന്തു.