സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം എളമക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ

Tuesday 21 May 2024 1:39 AM IST
പ്രവേശനോത്സവം

സ്വാഗതസംഘം രൂപീകരിച്ചു

കൊച്ചി: സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്ന് എളമക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്താകെ ജില്ലാതലത്തിലും തദ്ദേശ സ്ഥാപനാടിസ്ഥാനത്തിലും എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിക്കും.

എളമക്കര സ്കൂളിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.

ചരിത്രത്തിൽ ആദ്യമായി സ്‌കൂൾ തുറക്കുന്നതിന് മുമ്പ് ഈ വർഷം മുഴുവൻ അദ്ധ്യാപകർക്കും വിവിധ പരിശീലനങ്ങൾ നൽകി. ഇന്ത്യയിൽ ആദ്യമായി അദ്ധ്യാപകർക്ക് നിർമ്മിത ബുദ്ധിയിൽ പരിശീലനം നൽകിയ സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ഏഴര വർഷത്തിനിടെ 7000 കോടി രൂപയാണ് സ്‌കൂൾ കെട്ടിടങ്ങൾ നിർമ്മിക്കാനായി ചെലവഴിച്ചത്. പൊതുവിദ്യാലയങ്ങളിലെ അക്കാഡമിക് നിലവാരം ഉയർത്തുകയാണ് ലക്ഷ്യം. ഒന്നു മുതൽ ഒമ്പതു വരെയുള്ള ക്ലാസുകളിൽ ഓൾ പ്രൊമോഷൻ നൽകുമ്പോൾ അക്കാഡമിക് നിലവാരം കൂടി പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഈ മാസം 28ന് വിദ്യാഭ്യാസ കോൺ ക്ലൈവ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു.

യോഗത്തിൽ എം.എൽ.എമാർ, മേയർ. ഡെപ്യൂട്ടി മേയർ തുടങ്ങിയവരടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു.

ഹൈബി ഈഡൻ എം.പി, മേയർ അഡ്വ. എം. അനിൽകുമാർ, എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ.എൻ. ഉണ്ണികൃഷ്ണൻ, പി.വി. ശ്രീനിജിൻ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, വൈസ് പ്രസിഡന്റ് എൽസി ജോർജ്, കൊച്ചി കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. എ. ശ്രീജിത്ത്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ആർ. റെനീഷ്, കൗൺസിലർ സീന ഗോപാലൻ, രക്ഷാകർതൃ സമിതി അംഗങ്ങൾ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

കൊച്ചിയിൽ എ.ഐ കോൺക്ലേവ് : മന്ത്രി പി. രാജീവ്

വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. തിരഞ്ഞെടുപ്പ് ഉൾപ്പടെയുള്ള വിവിധ തിരക്കുകൾക്കിടയിലും പരീക്ഷാഫലങ്ങൾ കൃത്യമായി പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. ജൂലായ് മാസത്തിൽ ഐ.ബി.എമ്മുമായി ചേർന്ന് സംസ്ഥാന സർക്കാർ കൊച്ചിയിൽ എ.ഐ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

.................................

അക്കാഡമിക് വർഷത്തെ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും പൂർത്തീകരിച്ചുകഴിഞ്ഞു. വി. ശിവൻ കുട്ടി, വിദ്യാഭ്യാസ മന്ത്രി

Advertisement
Advertisement