ചെറായി ഗൗരീശ്വര ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് കയറാം

Tuesday 21 May 2024 1:48 AM IST
ചെറായി ഗൗരീശ്വര ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് കയറാം

വൈപ്പിൻ: ചെറായി വിജ്ഞാന വർധിനി സഭ വക ശ്രീ ഗൗരീശ്വര ക്ഷേത്രത്തിൽ ഇനി പുരുഷൻമാർക്ക് ഷർട്ട് ഊരാതെ ദർശനം നടത്താം. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രത്തിൽ പുരുഷൻമാർ ഷർട്ട് ഊരി മാത്രമേ ദർശനം നടത്താവു എന്ന ആചാരം അവസാനിപ്പിച്ചു. ഞായറാഴ്ച പ്രസിഡന്റ് വികാസ് മാളിയേക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗമാണ് 112 വർഷമായി ക്ഷേത്രത്തിൽ തുടരുന്ന ആചാരം അവസാനിപ്പിക്കുവാൻ തീരുമാനിച്ചത്.

ക്ഷേത്രത്തിന്റെ താന്ത്രിക അവകാശമുള്ള ശിവഗിരി മഠവും ഈ അനാചാരം അവസാനിപ്പിക്കണം എന്നു നേരത്തെ നിർദ്ദേശം നൽകിയിരുന്നു. വി.വി. സഭയുടെ കീഴിൽ തന്നെ ഉള്ള വലിയ വീട്ടിൽ കുന്ന് ഭഗവതി ക്ഷേത്രത്തിൽ നേരത്തെ തന്നെ ഷർട്ട് ഊരാതെ തന്നെ ദർശനം നടത്തുവാൻ ഭക്തർക്ക് കഴിയുമായിരുന്നു.ഷർട്ട് ഊരാതെ തന്നെപുരുഷൻമാർക്ക്ക്ഷേത്രദർശനം നടത്താമെന്ന് എസ്.എൻ.ഡി.പി. യോഗം നേരത്തെ തന്നെ തീരുമാനിക്കുകയുംഎസ്.എൻ.ഡി.പി. യൂണിയനുകൾക്കും ശാഖകൾക്കും യോഗം ജനറൽ സെക്രട്ടറി നിർദേശം നല്കുകയും ചെയ്തിരുന്നു. എങ്കിലും പല ശ്രീ നാരായണീയ ക്ഷേത്രങ്ങളിലുംഷർട്ട് ഊരി മാത്രമേപുരുഷൻമാർക്ക് പ്രവേശനമുള്ളൂ.

Advertisement
Advertisement