ചൂടൊഴി​ഞ്ഞു, ഇനി​യെത്തും പെരുമഴ

Tuesday 21 May 2024 1:10 AM IST
ചൂടൊഴി​ഞ്ഞു, ഇനി​യെത്തും പെരുമഴ

 23വരെ ഓറഞ്ച് അലേർട്ട്

കൊച്ചി: അകവും പുറവും ചുട്ടുപൊള്ളി​ച്ച ചൂടൊഴി​ഞ്ഞ് മഴയി​ൽ നനയുകയാണ് ജി​ല്ല മുഴുവൻ. കാലവർഷം എത്തും മുമ്പേയാണ് ഈ പെയ്ത്ത്. ഇന്ന് മുതൽ 23 വരെ ജില്ലയ്ക്ക് ഓറഞ്ച് മുന്നറിയിപ്പാണ്. 23 വരെ അതിശക്തമോ തീവ്രമോ ആയ മഴയ്ക്ക് സാദ്ധ്യതയെന്നാണ് പ്രവചനം.

കടലോര മേഖലകളിലും ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരളതീരത്ത് മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

തെക്കൻ തീരദേശ തമിഴ്‌നാടിനു മുകളിൽ നിന്ന് വടക്കൻ കർണാടക വരെ ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. വടക്കൻ കേരളത്തിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴി​ നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, പ്രതീക്ഷച്ച മഴ ജില്ലയിൽ പെയ്തിട്ടില്ല. മാർച്ച് ഒന്ന് മുതൽ മേയ് 19 വരെ 281.6 മില്ലി മീറ്റർ മഴയാണ് ലഭിക്കേണ്ടത്. എന്നാൽ 222.8മില്ലി മീറ്റർ മഴ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഇരുപത്തിയൊന്ന് ശതമാനമാണ് മഴയുടെ കുറവ്.

ജില്ലയിൽ ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പെരുമ്പാവൂരാണ് 55 മില്ലി മീറ്റർ. തൊട്ടുപിന്നിൽ നേര്യമംഗലം. 47 മില്ലി മീറ്റർ. 42.9 മില്ലി മീറ്റർ മഴ ലഭിച്ച നെടുമ്പാശേരിയാണ് കണക്കിൽ മൂന്നാം സ്ഥാനത്ത്. നോർത്ത് പറവൂരിൽ 41.5മില്ലി മീറ്റർ മഴയും ലഭിച്ചു. സംസ്ഥാനത് കൂടിയതോതിൽ മഴ ലഭിച്ച പ്രദേശങ്ങളുടെ പട്ടികയിൽ ജില്ലയിൽ നിന്ന് ഈ നാല് പ്രദേശങ്ങൾ മാത്രമേയുള്ളൂ.

ജില്ല- ലഭിച്ച മഴ

ആലപ്പുഴ - 184.9
കണ്ണൂർ - 119
എറണാകുളം -222.8
ഇടുക്കി - 190.9
കാസർകോട് - 83.4
കൊല്ലം - 228.2
കോട്ടയം - 319
കോഴിക്കോട് - 137.1
മലപ്പുറം -165.6
പാലക്കാട് - 173.9
പത്തനംതിട്ട - 401.9
തിരുവനന്തപുരം - 322.7
തൃശൂർ - 145.7
വയനാട് - 137.3

(മാർച്ച് 1 - മേയ് 19)

 രാത്രിയാത്ര നിരോധനം
അതിതീവ്ര മഴ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോരമേഖലയിലേക്കും ഈരാറ്റുപേട്ട-വാഗമൺറോഡിലൂടെയും ഇന്നും നാളെയും രാത്രിയാത്ര നിരോധിച്ചു. അടിയന്തരസാഹചര്യത്തിൽ സഞ്ചരിക്കേണ്ടവർ പൊലീസ് സ്റ്റേഷനിൽ നിന്ന് മുൻകൂർ അനുമതിവാങ്ങണം.

 കൊച്ചിയിൽ

വെള്ളക്കെട്ട്

കൊച്ചി നഗരത്തിൽ ഇന്നലെ രാവിലെ പെയ്ത മഴയിൽ വിവിധ സ്ഥലങ്ങളിൽ വെള്ളം കയറി. കാരിക്കാമുറി, മഹാകവി ജി റോഡിന്റെ ഭാഗങ്ങൾ, എസ്.എ റോഡ് എന്നിവിടങ്ങളിലാണ് വെള്ളം പൊങ്ങിയത്. കാരിക്കാമുറിയിൽ വെള്ളത്തോടൊപ്പം പുഴുക്കളും വീടിനകത്ത് കയറി. ഇക്കാര്യം ഹെൽത്ത് വിഭാഗത്തെ അറിയിച്ചിട്ടുണ്ടെന്ന് കൗൺസിലർ പദ്മജ എസ്. മേനോൻ അറിയിച്ചു. സൗത്ത് ഡിവിഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കളക്ടറോ‌ട് പെട്ടിയും പറയും നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൗൺസിലർ പറഞ്ഞു. മുല്ലശേരി കനാൽ തുറന്നിടാൻ അനുമതി നൽകണമെന്നും കളക്ടറോട് അവർ ആവശ്യപ്പെട്ടു.

Advertisement
Advertisement