ഒരു കോടി സമ്മാനം അടിച്ച ലോട്ടറി: ' മകനെപ്പോലെ വിശ്വസിച്ചു, ചതിക്കുമെന്ന് കരുതിയില്ല'

Tuesday 21 May 2024 4:20 AM IST

സുകുമാരിയമ്മ

തിരുവനന്തപുരം: 'ഒരു മകനെ പോലെ വിശ്വസിച്ചതാണ് അവനെ. അതുകൊണ്ടാണ് സമ്മാനം അടിച്ചെന്ന് പറഞ്ഞ് 1200 രൂപ തന്നപ്പോൾ ടിക്കറ്റെടുത്തു നൽകിയത്. ചതിയാണെന്ന് കരുതിയില്ല'- വില്പനക്കാരൻ കളവ്പറഞ്ഞ് ഒരു കോടി രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത സംഭവത്തിന് ഇരയായ സുകുമാരിയമ്മ സങ്കടത്തോടെ പറയുന്നു.

മ്യൂസിയത്തിനു മുമ്പിൽ തൊപ്പി വിറ്റാണ് കല്ലിയൂർ ദീപു സദനത്തിൽ സുകുമാരിയമ്മയെ (72) അന്നത്തിനുള്ള വക കണ്ടെത്തുന്നത്.

പൊലീസ് അറസ്റ്റ് ചെയ്ത വിൽപ്പനക്കാരനായ പേരൂർക്കട വയലരികത്ത് വീട്ടിൽ കണ്ണൻ (45) റിമാൻഡിലാണ്.

ഈ മാസം 14നാണ് ഫിഫ്ടി ഫിഫ്ടി ലോട്ടറിയുടെ വ്യത്യസ്ത സീരീസുകളിലായി ഒരേ നമ്പരിലുള്ള 12 ടിക്കറ്റുകൾ വാങ്ങിയത്. 15നായിരുന്നു നറുക്കെടുപ്പ്.

ഭർത്താവ് ഉപേക്ഷിച്ചു പോയതാണെന്നും തനിക്ക് എഴുത്തും വായനയും അറിയില്ലെന്നും കണ്ണനറിയാമായിരുന്നു.

ഞാനും നേരത്തെ ലോട്ടറി വിറ്റാണ് കഴിഞ്ഞിരുന്നത്.

500 രൂപ വീതം സമ്മാനമുണ്ടെന്നാണ് കണ്ണൻ പറഞ്ഞത്. ഈ സമയം അടുത്തുണ്ടായിരുന്ന ആൾ ഫലം നോക്കിയപ്പോൾ സമ്മാനമുള്ളതായി കണ്ടില്ല. ഉടനെ 100 രൂപ വീതം 1200 രൂപയാണ് സമ്മാനമെന്നു പറഞ്ഞ് കണ്ണൻ ടിക്കറ്റുകൾ തിരിച്ചുവാങ്ങി. 700 രൂപയ്ക്ക് പുതിയ ലോട്ടറികളും 500 രൂപയും നൽകുകയും ചെയ്തു. രാത്രി ഒന്നാം സമ്മാനം ലഭിച്ചെന്നുപറഞ്ഞ് കണ്ണൻ പാളയത്തെ കച്ചവടക്കാർക്ക് ലഡ‌ു നൽകിയെന്ന് അറിഞ്ഞപ്പോഴാണ് സംശയം തോന്നിയത്.

ഒരു സ്ത്രീ പണമില്ലാത്തതിനാൽ തിരികെ നൽകിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നാണ് കണ്ണൻ പറഞ്ഞത്. ലോട്ടറിഫലം പരിശോധിച്ചപ്പോൾ ഞാനെടുത്ത എഫ്.ജി. 3,48,822 എന്ന ടിക്കറ്റിനാണ് സമ്മാനമെന്ന് മനസിലായി. തുടർന്നാണ് പൊലീസിന് പരാതി നൽകിയത്- സുകുമാരിയമ്മ പറഞ്ഞു.

കല്ലിയൂരാണ് സ്വദേശമെങ്കിലും വഴുതക്കാട് പൊലീസ് ആസ്ഥാനത്തിന് അടുത്തുള്ള വാടക വീട്ടിലാണ് സുകുമാരിയമ്മ താമസിക്കുന്നത്. മകൾ ദീപ വിവാഹിതയാണ്. മകൻ ദീപു തൃശൂരിൽ ജോലി ചെയ്യുന്നു.

കോടതിയെ സമീപിച്ചു

സമ്മാനത്തുക ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സുകുമാരിയമ്മ വഞ്ചിയൂർ കോടതിയെ സമീപിച്ചു. കണ്ണൻ ബാങ്ക് ഒഫ് ബറോഡയിൽ നൽകിയ ടിക്കറ്റിലെ തുടർനടപടികൾ പൊലീസ് തടഞ്ഞിട്ടുണ്ട്. കോടതി ഉത്തരവ് വരുന്നതുവരെ ടിക്കറ്റ് ബാങ്കിൽ സൂക്ഷിക്കുമെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. സുകുമാരിയമ്മ പരാതിയുമായി ലോട്ടറി വകുപ്പിനെ സമീപിച്ചെങ്കിലും കോടതി ഉത്തരവില്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

Advertisement
Advertisement