മൂന്ന് ലക്ഷം കോടിയിലധികം ലാഭവുമായി ബാങ്കുകൾ

Tuesday 21 May 2024 12:41 AM IST

ചരിത്ര നേട്ടവുമായി ഇന്ത്യൻ ബാങ്കുകൾ

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൂന്ന് ലക്ഷം കോടി രൂപയിലധികം അറ്റാദായവുമായി ഇന്ത്യയിലെ ബാങ്കുകൾ ചരിത്രനേട്ടം കൈവരിച്ചു. വിവിധ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്ത പൊതുമേഖല, സ്വകാര്യ ബാങ്കുകളുടെ സംയോജിത ലാഭം 2023-24 വർഷത്തിൽ 39 ശതമാനം വർദ്ധനയോടെ 3.1 ലക്ഷം കോടി രൂപയിലെത്തി. മുൻവർഷം ബാങ്കുകളുടെ മൊത്തം അറ്റാദായം 2.2 ലക്ഷം കോടി രൂപയായിരുന്നു. ഇതോടെ ഐ.ടി കമ്പനികളെ മറികടന്ന് ഏറ്റവും ഉയർന്ന ലാഭം നേടുന്ന മേഖലയായി ബാങ്കിംഗ് മാറി.

2022 മേയ് മാസത്തിന് ശേഷം നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകൾ തുടർച്ചയായി 2.5 ശതമാനം വർദ്ധിപ്പിച്ച് 6.5 ശതമാനമാക്കിയതാണ് വൻ ലോട്ടറിയായത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത, കോർപ്പറേറ്റ് വായ്പകളെടുത്തവരുടെ പലിശ ബാധ്യതയിൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ വർദ്ധനയുണ്ടായി വായ്പകളുടെ പലിശ കുത്തനെ വർദ്ധിപ്പിച്ചെങ്കിലും ബാങ്കുകൾ നിക്ഷേപങ്ങളുടെ പലിശയിൽ സമാനമായ മാറ്റം വരുത്തിയിരുന്നില്ല.

പൊതുമേഖല ബാങ്കുകളുടെ ലാഭം 1.4 ലക്ഷം കോടി രൂപ

അവലോകന കാലയളവിൽ പൊതുമേഖല ബാങ്കുകളുടെ ലാഭം 34 ശതമാനം 1.4 ലക്ഷം കോടി രൂപ കവിഞ്ഞു. 2018 സാമ്പത്തിക വർഷത്തിൽ 85,390 കോടി രൂപയുടെ നഷ്ടം പൊതുമേഖല ബാങ്കുകൾ നേരിട്ടിരുന്നു. പ്രമുഖ ബാങ്കുകളിൽ ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് മഹാരാഷ്ട്ര, ഇന്ത്യൻ ബാങ്ക് എന്നിവ 50 ശതമാനത്തിലധികം അറ്റാദായം കൈവരിച്ചു. പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക് ഒഴികെയുള്ള 11 ബാങ്കുകളും ലാഭത്തിൽ വർദ്ധന കൈവരിച്ചു.

സ്വകാര്യബാങ്കുകളുടെ ലാഭത്തിൽ 41 ശതമാനം വർദ്ധന

കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 26 സ്വകാര്യ ബാങ്കുകളുടെ അറ്റാദായം 41 ശതമാനം ഉയർന്ന് 1.78 ലക്ഷം കോടി രൂപയായി

ബാങ്കുകളെ അഭിനന്ദിച്ച് മോദി

2024 സാമ്പത്തിക വർഷത്തിൽ മൂന്ന് ലക്ഷം കോടി രൂപയിലധികം അറ്റാദായം നേടിയ ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ നേട്ടം അഭിനന്ദനാർഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എൻ.ഡി.എ അധികാരത്തിലെത്തുമ്പോൾ അത്യാസന്നനിലയിലായിരുന്ന ബാങ്കിംഗ് മേഖലയ്ക്കാണ് മികച്ച നേട്ടമുണ്ടാക്കാൻ അവസരമൊരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement