ഐ.പി.എം വോളി അക്കാഡമി സമ്മർ ക്യാമ്പ് സമാപിച്ചു

Tuesday 21 May 2024 12:57 AM IST
ഐ.സി.എം വോളി സമ്മർ ക്യാമ്പ് സമാപനം കൗൺസിലർ എ.പി പ്രജിത ഉദ്ഘാടനം ചെയ്യുന്നു

വടകര: ഐ.പി.എം വോളി അക്കാഡമി സമ്മർ ക്യാമ്പ് സമാപിച്ചു. ഒരു മാസമായി ഐ.പി.എം അക്കാഡമി മേപ്പയിൽ ക്യാമ്പസിൽ നടന്നു വരികയായിരുന്നു. 40 -ഓളം സ്കൂളുകളിൽ നിന്നും നാമനിർദേശം ചെയ്യപ്പെട്ട 240 -ഓളം കുട്ടികൾക്കു പരിശീലനം പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഐ.പി.എം അക്കാദമിയിലെ റെഗുലർ ബാച്ചിലെ രണ്ടു കുട്ടികൾ നാഷണൽ ക്യാമ്പിലേക്കും 37 കുട്ടികൾ സംസ്ഥാന കാമ്പിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സമ്മർ ക്യാമ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത റെഗുലർ ബാച്ചിലേക്കും സീനിയർ എലൈറ്റ് ബാച്ചിലേക്കും അഡ്മിഷൻ ഉടനെ നടക്കും. ഇങ്ങനെ തിരഞ്ഞെടുക്കുന്ന എല്ലാ കുട്ടികൾക്കും സൗജന്യമായി അടുത്ത വർഷത്തെ കോച്ചിംഗ് കൊടുക്കപ്പെടും. എലൈറ്റ് ബാച്ചിലെ കുട്ടികൾക്ക് പ്രത്യേകം സിലബസിലുള്ള കോച്ചിംഗ് കൊടുക്കും. വിദ്യാഭാസവും ഹോസ്റ്റലും ഭക്ഷണവും, കിറ്റും എല്ലാം സൗജന്യമായിരിക്കും എന്ന് അക്കാദമി അധികൃതർ അറിയിച്ചു. ചടങ്ങിൽ മുൻ അന്താരാഷ്ട്ര താരമായ ബി.എസ്.എഫ് ഡെപ്യൂട്ടി കമാന്റന്റ് റോയ് ജോസഫ് മുഖ്യാഥിതിയായി. വാർഡ് കൗൺസിലർ എ.പി പ്രജിത ഉദ്‌ഘാടനം ചെയ്തു. രഞ്ജുമോൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. ഐ.പി.എം ട്രസ്റ്റ് ചെയർമാൻ നരേന്ദ്രൻ കൊടുവട്ടാട്ട് 2023 ലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വടകരയിലെ പ്രമുഖ വോളി സംഘാടകരും മുൻ താരങ്ങളും ആയ ഞെരളത്തു രവീന്ദ്രൻ (മുൻ പൊലീസ് താരം), സി.വി വിജയൻ, വിദ്യാസാഗർ, മൂസ നാസർ, എ.കെ രാധാകൃഷ്ണൻ (എസ്.എൻ കോളേജ് പ്രിൻസിപ്പൽ), ശശിധരൻ, നരേന്ദ്രൻ കൊടുവട്ടാട്ട് , ഷീജിത് വി.എം എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement