മോഷ്ടാക്കളെ കിട്ടാത്തതിന്റെ അരിശത്തിൽ യുവാവിനെ തല്ലിച്ചതച്ച് പൊലീസ്

Tuesday 21 May 2024 12:28 AM IST
പോലീസ് മർദ്ദനത്തിൽ പരിക്കേറ്റ റിജിനാസ് ജില്ലാ ആശുപത്രിയിൽ.

കൊല്ലം : ബൈക്ക് മോഷ്ടാക്കളെ കിട്ടാത്തതിന്റെ അരിശത്തിൽ കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ പൊലീസുകാർ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. പോരാത്തതിന് പൊതുസ്ഥലത്ത് ബഹളം വച്ചുവെന്ന പേരിൽ കേസും തലയിൽ വച്ചുകെട്ടി. ജോനകപ്പുറം സുറുമി മൻസിലിൽ ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി എസ്.നാസറുദ്ദീന്റെ മകൻ റിജ്‌നാസ് ആണ് ക്രൂര മർദ്ദനത്തിന് ഇരയായത്.

ഞായറാഴ്ച രാത്രി 11ന് കൊല്ലം ക്രൈം ബ്രാഞ്ച് ഓഫീസിന് മുന്നിലായിരുന്നു സംഭവം. സുഹൃത്തിനൊപ്പം വരവേ ക്രൈം ബ്രാഞ്ച് ഓഫീസിന് മുന്നിൽ വച്ച് റിജ്നാസിന്റെ ബൈക്കിൽ പെട്രോൾ തീർന്നു. തുടർന്ന് മറ്റൊരു സുഹൃത്തിനെ ഫോണിൽ വിളിച്ച് പെട്രോൾ വാങ്ങി വരാൻ ഏർപ്പാടാക്കി കാത്ത് നിൽക്കുകയായിരുന്നു. ഈ സമയം മഫ്‌ത്തിയിൽ ബൈക്കിലെത്തിയ രണ്ട് പൊലീസുകാർ റിജ്‌നാസിനോടും സുഹൃത്തിനോടും മോശമായി പെരുമാറി. തുടർന്ന് രണ്ട് പൊലീസുകാർ ചേർന്ന് റിജ്നാസിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ തടിച്ചുകൂടി. ഈസ്റ്റ് പൊലീസും സ്ഥലത്തെത്തി.

ഈ സമയം മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി റിജ്‌നാസ് പറഞ്ഞു. ഈസ്റ്റ് പൊലീസ് റിജ്നാസിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം സ്റ്റേഷനിലെത്തിച്ചു. തുടർന്ന് പൊതുസ്ഥലത്ത് ബഹളം വച്ചുവന്ന കേസ് ചുമത്തി പുലർച്ചെ 3.30ന് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. സ്‌റ്റേഷനിൽ നിന്നിറങ്ങിയ റിജ്‌നാസിന് ശാരീരിക അവശത അനുഭവപ്പെട്ടതിനെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന റിജ്‌നാസ് രണ്ടാഴ്ച മുമ്പാണ് അസുഖബാധിതനായ സഹോദരനൊപ്പം നാട്ടിലെത്തിയത്. ഇന്ന് തിരികെ പോകാനിരുന്നതാണ്. ബൈക്ക് മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ചാണ് യുവാക്കളെ തടഞ്ഞുനിറുത്തിയതെന്നാണ് ഈസ്റ്റ് പൊലീസിന്റെ വിശദീകരണം.

അകാരണമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ റിജ്നാസ് മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ പൊലീസ് മേധാവി, എ.സി.പി, ഈസ്റ്റ് പൊലീസ് എന്നിവർക്ക് പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച്

കോൺഗ്രസ് നേതാക്കളായ സൂരജ് രവി, എ കെ ഹഫീസ്, ഡി.ഗീതാകൃഷ്ണൻ, ആർ.രമണൻ, ടി.എം.ഇക്ബാൽ, കെ.എം.റഷീദ്, റിജ്‌നാസിന്റെ പിതാവ് എസ്.നാസർ തുടങ്ങിയവർ ജില്ലാ പൊലീസ് മേധാവിയെ നേരിട്ട് കണ്ട് പരാതി നൽകി.

Advertisement
Advertisement