ആഘോഷങ്ങളില്ലാതെ സർക്കാരിന്റെ മൂന്നാം വാർഷികം

Tuesday 21 May 2024 1:27 AM IST

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ച നേടി അധികാരത്തിലെത്തിയ രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം വാർഷികം ഇന്നലെ ആഘോഷങ്ങളില്ലാതെ കടന്നുപോയി. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഓഫീസിൽ കേക്ക് മുറിച്ചതിൽ ആഘോഷം ഒതുങ്ങി. 2021 മേയ് 20നാണ് ഈ സർക്കാർ അധികാരത്തിലെത്തിയത്.

ലോക്‌‌സഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ സർക്കാരിന് പുതിയ ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കാനാവില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനാൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതും അനുചിതമാവും. ഇതെല്ലാം കണക്കിലെടുത്താണ് ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയത്. എന്നാൽ പെരുമാറ്റച്ചട്ടം അവസാനിച്ചശേഷം ആഘോഷ പരിപാടികൾക്ക് രൂപം നൽകി ചില സുപ്രധാന ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്.

മൂന്നാം വാർഷിക ദിനത്തിൽ പ്രത്യേക മന്ത്രിസഭായോഗം ഓൺലൈനായാണ് ചേർന്നത്. പല മന്ത്രിമാരും തലസ്ഥാനത്ത് ഉണ്ടായിരുന്നില്ല. രണ്ടാം വാർഷികാഘോഷം കഴിഞ്ഞ വർഷം എറണാകുളത്ത് പ്രൗഢമായി സംഘടിപ്പിച്ചിരുന്നു.

Advertisement
Advertisement