ജില്ലയിൽ കലിതുള്ളി മഴ

Tuesday 21 May 2024 12:31 AM IST

 എട്ട് വീടുകൾ ഭാഗികമായി തകർന്നു

 താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ

 വൈദ്യുതി, ഇന്റർനെറ്റ് സേവനങ്ങൾ തകരാറിൽ

കൊല്ലം: ഞായറാഴ്ച രാത്രിയും ഇന്നലെ രാവിലെയും പെയ്ത കനത്ത മഴയിൽ ദുരിതം ഒഴിയാതെ ജനങ്ങൾ. ജില്ലയിലെ പലയിടങ്ങളും വെള്ളത്തിലായി. കൊട്ടാരക്കരയിലും കൊല്ലത്തുമായി എട്ട് വീടുകൾ ഭാഗികമായി തകർന്നു.

കൊട്ടാരക്കയിൽ ഒരു വീടും കൊല്ലത്ത് കല്ലുവാതുക്കൽ, മീനാട്, പള്ളിത്തോട്ടം, ശക്തികുളങ്ങര, ചെറിയേല, തൃക്കോവിൽവട്ടം, പെരിനാട് എന്നിവിടങ്ങളിലുമാണ് വീടുകൾ ഭാഗികമായി തകർന്നത്. രണ്ട് വീടുകൾ മരത്തിന്റെ ചില്ലകൾ വീണും മറ്റ് വീടുകളുടെ മേൽക്കൂര തകർന്നുമാണ് അപകടം. ആർക്കും പരിക്കില്ല. വെടിക്കുന്ന് ഭാഗത്ത് കടൽക്ഷോഭം ശക്തമായി. നഗരത്തിൽ പലയിടത്തും മരങ്ങൾ കടപുഴകി ഗതാഗതം സ്തംഭിക്കുകയും വൈദ്യുതി ബന്ധവും ഇന്റർനെറ്റ് സേവനങ്ങളും തകരാറിലാവുകയും ചെയ്തു. മണിക്കൂറുകൾ പണിപ്പെട്ടാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പലയിടത്തും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. പള്ളിത്തോട്ടം, ഫാത്തിമ കോളേജ് റോഡ്, കർബല- റെയിൽവേ സ്‌റ്റേഷൻ റോഡ്, ശാരദാമഠത്തിലേക്കുള്ള റോഡ്, ശാന്തി നഗർ റോഡ്, ആശ്രാമം മൈതാനത്തിന് മുന്നിലെ ബസ് സ്‌റ്റോപ്പ്, എ.ആർ ക്യാമ്പിന് മുന്നിലെ ബസ് സ്‌റ്റോപ്പ്, ഡി.സി.സി ഓഫീസിന് മുന്നിലെ റോഡ് എന്നിവിടങ്ങൾ കനത്ത മഴയിൽ വെള്ളക്കെട്ടിലായി. ഓടകളിലെ വെള്ളം ഒഴുകിമാറാത്തതാണ് വെള്ളക്കെട്ടിന് കാരണം.

ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. കനത്ത മഴയിൽ ദേശീയപാത 66 ലെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നിടങ്ങളിലെ കുഴികളിൽ വെള്ളം നിറഞ്ഞ് റോഡും കുഴിയും തിരിച്ചറിയാനാകാത്ത അവസ്ഥയാണ്. അപകടങ്ങളും ഉണ്ടാകുന്നുണ്ട്.


കോർപ്പറേഷൻ പരിധിയിൽ വെള്ളക്കെട്ട്

കൊല്ലം കോർപ്പറേഷനിലെ വിവിധ ഡിവിഷനുകളിലെ നിരവധി വീടുകളിൽ വെള്ളം കയറി ഗൃഹോപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ചെപ്പള്ളിമുക്കിലെ ഇടറോടുകളിൽ ഗതാഗതം മുടങ്ങി. കൊച്ചുമരുത്തടിയിൽ പത്തോളം വീടുകളിലും പരസരത്തും വെള്ളം കയറി. കട്ടയ്ക്കൽ കായൽ വഴി അഷ്ടമുടി കായലിലേക്ക് പോകുന്ന മുത്തേഴുത്ത് ബണ്ട് തുറന്നു.


കൂടുതൽ മഴ നഗരത്തിൽ
ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കൊല്ലം നഗരത്തിൽ. ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്മെന്റ് വൈകിട്ട് 4ന് പുറത്തിറക്കിയ കണക്കാണിത്.


കൊല്ലം - 16 മില്ലി മീറ്റർ

പുനലൂർ -5 മില്ലി മീറ്റർ

ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ കെട്ടിക്കിടക്കുന്ന ജലം ഒഴുക്കിവിടാനുള്ള നടപടികൾ സ്വീകരിച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ വെള്ളം കയറിയ വീടുകളിലെ താമസക്കാരെ മാറ്റി പാർപ്പിക്കും.

കൊല്ലം മധു, ഡെപ്യൂട്ടി മേയർ

Advertisement
Advertisement