ആശ്രയമാകണം ആതുരാലയം- പരമ്പര ആർക്കൊപ്പമാണ് സർക്കാർ

Wednesday 22 May 2024 12:47 AM IST
abuse

ചികിത്സാപ്പിഴവിന്റെ പേരിൽ ആരോഗ്യ വകുപ്പും മെഡിക്കൽ കോളേജും സ്ഥിരമായി വിമർശനങ്ങൾക്ക് വിധേയമാകാറുണ്ട്. എന്നാൽ ഇതിനപ്പുറമുള്ള ക്രൂരതയ്ക്കിരയായ അനുഭവമാണ് പെരുമണ്ണയിലെ 31കാരിയ്ക്ക് പറയാനുള്ളത്.

@ അന്ന് നടന്നത്

സ്വപ്നത്തിൽ പോലും ഒരു സ്ത്രീ പ്രതീക്ഷിക്കാത്ത ദുരനുഭവമാണ് അതിജീവിതയ്ക്കുണ്ടായത്. 2023 മാർച്ചിലാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് അതിന്റെ അസഹനീയമായ വേദനയ്ക്ക് ശേഷം ശബ്ദമെടുക്കാൻ പോലും കഴിയാതെ കണ്ണ് തുറന്ന് മാത്രം കിടക്കുകയായിരുന്ന യുവതി ലൈംഗിക അതിക്രമത്തിനിരയായത്. അന്ന് മുതൽ തുടങ്ങിയതാണ് നീതിക്കായുള്ള പോരാട്ടം. അനസ്‌തേഷ്യയുടെ മയക്കത്തിലായിരുന്നതിനാൽ യുവതിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മയക്കം വിട്ട ശേഷം വീട്ടുകാരെ ഇക്കാര്യം അറിയിച്ചു. തുടർന്ന് കുടുംബം നൽകിയ പരാതിയിൽ ആശുപത്രിയിലെ അറ്റൻഡറായ വടകര സ്വദേശി ശശീന്ദ്രനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കേസെടുത്തതോടെ പരാതി പിൻവലിക്കാൻ ആശുപത്രിയിലെ അഞ്ച് ജീവനക്കാർ ശ്രമം നടത്തുകയും അതിന് വഴങ്ങാത്തതിന് അതിജീവിതയ്ക്ക് മാനസിക രോഗമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയും ചെയ്തു.എന്നാൽ അവരെ സംരക്ഷിക്കുന്ന നിലപാടാണ് മെഡിക്കൽ കോളേജ് അധികൃതർ സ്വീകരിച്ചത്. ഭീഷണിപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് വെെകി. പിന്നീട് ഇവരെ സർവീസിൽ തിരിച്ചെടുക്കാനും ശ്രമമുണ്ടായി. ഇതിനെതിരെയെല്ലാം സമരം ചെയ്യേണ്ടി വന്നു.

@നീതിക്കായി പോരാട്ടം

സമരം ശക്തമായതോടെ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് അന്വേഷണ സമിതിയെ ചുമതലപ്പെടുത്തി. എന്നാൽ വൈദ്യ പരിശോധന നടത്തിയ ഗൈനക്കോളജി വിഭാഗം ഡോക്ടർ അതിജീവിത പറഞ്ഞ കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ല. തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും പരാതിയിൽ കഴമ്പില്ലെന്നായിരുന്നു കേസന്വേഷിച്ച കോഴിക്കോട് മെഡി. കോളേജ് എ.സി.പി കെ.സുദർശന്റെ കണ്ടെത്തൽ. റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് അതിജീവിത വിവരാവകാശ പ്രകാരം അപേക്ഷ നൽകിയെങ്കിലും പൊലീസ് ഒഴിഞ്ഞുമാറി.ഇതു സംബന്ധിച്ച് പൊലീസ് കമ്മിഷണർക്കടക്കം പരാതി നൽകി. പകർപ്പ് ലഭിക്കാതെ വന്നതോടെയാണ് കമ്മിഷണർ ഓഫീസിന് മുമ്പിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.

വിഷയത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിയോഗിച്ച സമിതി സമർപ്പിച്ച റിപ്പോർട്ടിൽ പ്രിൻസിപ്പൽ, ഡെപ്യൂട്ടി സൂപ്രണ്ട് ആർ.എം.ഒ എന്നിവർക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്നും കടുത്ത ശിക്ഷാനടപടി സ്വീകരിക്കണമെന്നും ശുപാർശ ചെയ്തിരുന്നു. എന്നാൽ നടപടിയുണ്ടായിട്ടില്ല. അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയ സീനിയർ നഴ്സിംഗ് ഓഫീസർ പി.ബി. അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റുകയാണുണ്ടായത്. ഇതിനെതിരെ വലിയ പ്രതിഷേധമുയർന്നു. ഹെെക്കോടതി ഉത്തരവുണ്ടായിട്ടും അനിതയ്ക്ക് ജോലി നിഷേധിച്ചത് സർക്കാരിന് തിരിച്ചടിയാകുമെന്ന നിലവന്നതോടെ മിന്നൽവേഗത്തിൽ കോഴിക്കോട് തന്നെ നിയമനം നൽകിക്കൊണ്ട് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. അനിതയ്ക്കൊപ്പം സമരത്തിന് അതിജീവിതയും എത്തിയിരുന്നു.

പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് അതിജീവിത നടത്തിയ സമരം വിജയം കണ്ടതിന് പിന്നാലെയാണ് ഇപ്പോൾ കേസിൽ പുനരന്വേഷണം നടക്കുന്നത്. നീതി ലഭിച്ചില്ലെങ്കിൽ ആരും കൂടെയില്ലെങ്കിലും സമരത്തിൽ നിന്നു പിന്നോട്ടില്ലെന്ന് ഉറപ്പിച്ചു പറയുകയാണിവർ.

Advertisement
Advertisement