നാലു വർഷ ബിരുദം തൊഴിൽ ഉറപ്പാക്കും

Wednesday 22 May 2024 12:00 AM IST

തിരുവനന്തപുരം: വ്യവസായ ശാലകളിലെ തൊഴിൽ പരിശീലനത്തിനും നൈപുണ്യ വികസനത്തിനും ഊന്നൽ നൽകുന്ന നാലു വർഷ ബിരുദകോഴ്സുകൾ തൊഴിലില്ലായ്മയിൽ വലയുന്ന കേരളത്തിന് ഏറെ ഗുണകരമാവും. സർവകലാശാലകളിലെ എഴുപതോളം മേജർ, ഇരുനൂറിലേറെ മൈനർ കോഴ്സുകളിൽ ഓരോ വിഷയവുമായും ബന്ധപ്പെട്ട തൊഴിൽ സാദ്ധ്യതകളും പരിശീലനവുമെല്ലാം ഉൾപ്പെടുന്നു. തൊഴിൽ നൈപുണ്യവികസനത്തിന് സമ്മർ ഇന്റേൺഷിപ്പുകളുമുണ്ട്. വ്യവസായശാലകളുമായി ചേർന്നുള്ള ഹ്രസ്വകാല കോഴ്സുകൾ എല്ലാ കോളേജുകളിലും തുടങ്ങും. മൈനർ വിഷയങ്ങൾക്ക് പകരമായി ഇവ പഠിക്കാം.

ഉന്നതവിദ്യാഭ്യാമുള്ളവർക്കും തൊഴിൽ മേഖലയ്ക്ക് വേണ്ട നൈപുണ്യമില്ലാത്തതാണ് നിലവിലെ വെല്ലുവിളി. ഭാഷാസ്വാധീനവും തൊഴിൽ നൈപുണ്യവും വർദ്ധിപ്പിച്ചും വ്യവസായ ശാലകളിലെ ഇന്റേൺഷിപ്പുകളിലൂടെ പരിചയസമ്പത്തുണ്ടാക്കിയും ഈ വെല്ലുവിളി നേരിടാനാവും. എഴുത്ത്, വായന, പ്രഭാഷണം, ഭാഷാപ്രയോഗം തുടങ്ങിയ 20 സ്കില്ലുകൾ മെച്ചപ്പെടുത്താനുള്ള കോഴ്സുകളുമുണ്ട്. ആർട്സ്, സയൻസ് വേർതിരിവില്ലാതെ എല്ലാവർക്കും തൊഴിൽ പരിശീലനവും ഇന്റേൺഷിപ്പും നിർബന്ധമാണ്. മൂന്നാം സെമസ്റ്റർ മുതൽ ഹ്രസ്വകാല ഇന്റേൺഷിപ്പും അവസാന സെമസ്റ്ററിൽ ആറുമാസ ഇന്റേൺഷിപ്പുമുണ്ട്.

ദേശീയ, സംസ്ഥാന, സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽപരിശീലനത്തിനും ഇന്റേൺഷിപ്പിനും സർക്കാർ, വാഴ്സിറ്റി, കോളേജ് തലത്തിൽ അവസരമൊരുക്കും. സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കും. എല്ലാ കോളേജുകളിലും യു.ജി.സി മാനദണ്ഡപ്രകാരം നൈപുണ്യവികസനകേന്ദ്രം സ്ഥാപിക്കും. പ്രൊഫഷണൽ ഏജൻസികളുമായി ചേർന്നും തൊഴിൽ പരിശീലനമുണ്ടാവും. ഓരോ കോഴ്സ് പഠിക്കുന്നവർക്കും അനുയോജ്യമായ തൊഴിൽമേഖലകളേതാണെന്നും അതിൽ നേടേണ്ട നൈപുണ്യപരിശീലനം എന്തൊക്കെയാണെന്നുമുള്ള പട്ടിക പ്രസിദ്ധീകരിക്കും. പഠനം ക്ലാസ്‌മുറിയിലൊതുക്കാതെ വിദ്യാർത്ഥികൾക്ക് ജ്ഞാനവും നൈപുണ്യവും തൊഴിലും ഉറപ്പാക്കുന്നതാവും എല്ലാ കോഴ്സുകളും.നാലു വർഷ കോഴ്സുകൾ വിദേശജോലിക്കും വിദേശത്തെ ഉപരിപഠനത്തിനും ഗുണകരമായിരിക്കും. മൂന്നുവർഷ ബിരുദത്തിന് വിദേശത്തിപ്പോൾ ഡിമാന്റ് കുറവാണ്. നാലുവർഷ കോഴ്സിന് ലോകത്തെവിടെയും അംഗീകാരമുണ്ട്.

തൊഴിൽ വരുന്ന

വഴികൾ

1)കോഴ്സുകളെയെല്ലാം തൊഴിൽസ്ഥാപനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ, അവയ്ക്ക് വേണ്ട നൈപുണ്യം ആർജ്ജിക്കാം. മികവു കാട്ടുന്നവർക്ക് പരിശീലനകാലത്തു ജോലിയുറപ്പിക്കാനാവും.

2)വ്യവസായ,ബിസിനസ്,ശാസ്ത്ര രംഗത്തെ പ്രഗത്ഭരുടെ ക്ലാസുകളും സംവാദവുമുണ്ടാവും. തൊഴിൽദാതാവിന് ആവശ്യമായ നൈപുണ്യമെന്താണെന്ന് വിദ്യാർത്ഥികൾക്ക് മനസിലാക്കാനാവും. ക്യാമ്പസ് പ്ലേസ്‌മെന്റിനും വഴിയൊരുങ്ങും.

3)ഇന്റേൺഷിപ്പും നൈപുണ്യപരിശീലനവും വ്യവസായശാലയിലെ പരിശീലനവും നേടിയതിനാൽ നാലുവർഷ ബിരുദക്കാർക്ക് തൊഴിൽമാർക്കറ്റിൽ ഡിമാന്റേറും.

''നൈപുണ്യക്കുറവ് പരിഹരിക്കുന്നതിനാണ് മുന്തിയ പരിഗണന. . കോളേജുകളിലെ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ ഉന്നതവിദ്യാഭ്യാസത്തിന്റെ മുഖച്ഛായ മാറ്റും.''

-ഡോ.ആർ.ബിന്ദു

ഉന്നതവിദ്യാഭ്യാസമന്ത്രി

Advertisement
Advertisement