ഫുട്ബാൾ അങ്കിൾ റൂഫസ് ഡിസൂസ @90

Wednesday 22 May 2024 12:56 AM IST

ഫോർട്ട് കൊച്ചി: കൊച്ചിയുടെ ഫുട്ബാൾ അങ്കിൾ റൂഫസ് ഡീസൂസ 90ന്റെ നിറവിൽ. കാൽപന്ത് പരിശീലനക്കളരിയിൽ അഞ്ചര പതിറ്റാണ്ടും. പ്രതിദിനം അൻപതോളം പേ‍ർ ഇന്നും അങ്കിളിന്റെ കാൽപന്ത് പരിശീലന കളരിയിലെത്തുന്നു. 1970 മെയ് 19 ന് ഫോർട്ടുകൊച്ചിയിലെ പരേഡ് മൈതാനിയിൽ തുടങ്ങിയ പരിശീലനക്കളരി മഴയും വെയിലും തണുപ്പും വക വെക്കാതെ മുന്നേറുകയാണ്. രാവിലെ 5 നും വൈകിട്ട് 4 നും രണ്ടു മണിക്കൂർ നീളുന്നതാണ് പരിശീലനം. ഇക്കാലയളവിൽ കാൽപന്തുകളിയിൽ റൂഫസ് ഡിസൂസ സൃഷ്ടിച്ചത് 40 ഓളം അന്തർദേശീയ, ദേശീയ താരങ്ങളെയും ആയിരത്തിലേറെ ശിഷ്യഗണങ്ങളെയും. ഫുട്ബോളിനെ പ്രണയിച്ചും പരിശീലനക്കളരിയെ ജീവിത സഖിയാക്കിയുമാണ് ഇദ്ദേഹത്തിന്റെ ജീവിതം. 90ാം വയസിലും സജീവമായ ഫുട്ബോൾപരിശീലകൻ റൂഫസ് ഡിസൂസയുടെ പരിശീലനക്കളരി ഡോകുമെന്ററിയായി ബി.ബി.സി യും ഡിസ്ക്കവറി ചാനലും സംപ്രക്ഷേപണം ചെയ്തിട്ടുണ്ട്.

ഏഴാം വയസ്സിൽ ഫുട്ബാളിലൂടെ കായിക രംഗത്തെത്തിയ റൂഫസ് ഹോക്കിയിലും പ്രഗത്ഭ്യം തെളിയിച്ചിട്ടുണ്ട് . വിദ്യാഭ്യാസത്തോടൊപ്പം ഫുട്ബാളിലും മുൻനിരയിലെത്തിയ റൂഫസ് 1954 ൽ ട്രാവൻകൂർ കൊച്ചി ഹോക്കീ ടീം ക്യാപ്റ്റനായി. 1960 ലും 68ലും കേരള ഫുട്ബാൾ,​ ഹോക്കി ടീമുകളിൽ അംഗമായിരുന്നു. 1970 മുതൽ ഫോർട്ടുകൊച്ചി പരേഡ് മൈതാനിയിൽ ഫുട്ബാൾ പരിശീലകനായി തുടക്കമിട്ടു. കാൽപന്ത് താരങ്ങളായ എം.എം.ജെക്കബ് വർഗ്ഗീസ്, ആമിസൺ ബോബി,​ സെബാസ്റ്റ്യൻ,​ സേവ്യർപയസ്സ് , സ്റ്റേബോ, ശിവകുമാർ , അനിൽകുമാർ , ആൻസൺ , തോബിയാസ് തുടങ്ങി വൻനിര ശിഷ്യഗണങ്ങളുണ്ട് ഇദ്ദേഹത്തിന്. രണ്ടുവയസ്സുകാരി മുതൽ 50പിന്നിട്ടവർ വരെ രാവിലെയും വൈകിട്ടും ഫോർട്ടുകൊച്ചിയിലെ പരിശീലനക്കളരിയിലെത്തുന്നു. 2019ൽ കായിക ദിനത്തിൽ കേന്ദ്ര സർക്കാർ റൂഫസ് ഡിസൂസയ്ക്ക് ആദരവും നൽകിയിട്ടുണ്ട്.

Advertisement
Advertisement