വരൂ ഭായീ,​ മലയാളം പഠിക്കാം

Wednesday 22 May 2024 12:00 AM IST

മൂവാറ്റുപുഴ: അന്യസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാനൊരുങ്ങി പായിപ്ര ഗ്രാമപഞ്ചായത്ത്.

ജില്ലയിൽ പെരുമ്പാവൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അന്യ സംസ്ഥാനക്കാർ ജോലി ചെയ്യുന്നത് പായിപ്ര ഗ്രാമ പഞ്ചായത്തിലാണ്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ചങ്ങാതി സാക്ഷരതാപദ്ധതിയുടെ ഭാഗമായിട്ടാണ് 16 വയസ്സിനു മുകളിൽ പ്രായമുള്ള അന്യ സംസ്ഥാന തൊഴിലാളികൾക്ക് ക്ലാസുകൾ നൽകുന്നത്. മൂന്നുമാസമാണ് ചങ്ങാതി പദ്ധതിയുടെ പഠനകാലയളവ്.

സാക്ഷരതാ മിഷൻ തയ്യാറാക്കിയ ഹമാരി മലയാളം പാഠപുസ്തകം ആസ്പദമാക്കിയാണ് മലയാള പഠന ക്ലാസുകൾ നൽകുന്നത്. അന്യസംസ്ഥാന തൊഴിലാളികൾക്കും അവരുടെ കുടുബാഗങ്ങൾക്കും പഠന സൗകര്യം ഒരുക്കും. പാഠപുസ്തകവും പഠനോപകരണങ്ങളും സാക്ഷരതാ മിഷൻ നൽകും. പഠനം പൂർത്തിയാക്കുമ്പോൾ ചങ്ങാതി മികവുത്സവം എന്ന പേരിൽ പരീക്ഷയും വിജയിച്ചാൽ സർട്ടിഫിക്കറ്റും നൽകും.

പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഹാളിൽ നടന്ന ആലോചനായോഗം പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എ.എം. നൗഷാദ് അദ്ധ്യക്ഷനായി. സാക്ഷരതാ മിഷൻ എറണാകുളം ജില്ലാ അസി. കോ-ഓർഡിനേറ്റർ കെ. എം .സുബൈദ,​ മുൻപഞ്ചായത്ത് പ്രസിഡന്റ് മാത്യുസ് വർക്കി, പഞ്ചായത്ത് അംഗങ്ങളായ ഇ.എം. ഷാജി , എ.ടി. സുരേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ഹസീന പി. മൈതീൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഇ. എം. അസീസ്, വ്യവസായ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ആൽവിൻ ഷാ, അസീസ് മരങ്ങാട്ട്, വറുഗീസ് കുര്യൻ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന വ്യവസായ സ്ഥാപന ഉടമകൾ, പഞ്ചായത്ത് അംഗങ്ങൾ, സാക്ഷരതമിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement