മഴയും റെഡ് അലർട്ടും: ഒറ്റനാളിൽ ആനവണ്ടിക്ക് നഷ്ടം എട്ടുലക്ഷം രൂപ

Wednesday 22 May 2024 12:06 AM IST

കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസത്തിന് ശനിദശയായി മഴയും റെഡ് അലർട്ടും. ദിവസങ്ങളായി റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ ഉല്ലാസയാത്ര ട്രിപ്പുകൾ റദ്ദാക്കേണ്ടി വന്നു. ഒരുദിവസത്തെ ട്രിപ്പിൽ നിന്ന് മാത്രം എട്ടുലക്ഷം രൂപയാണ് നഷ്ടം!.

റെഡ് അലർട്ട് പ്രഖ്യാപിച്ച കഴിഞ്ഞ 19ന് കെ.എസ്.ആ‌ർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ നടത്താൻ തീരുമാനിച്ചിരുന്ന മാമലക്കണ്ടം- മൂന്നാർ, മറയൂർ- കാന്തല്ലൂർ എന്നീ ട്രിപ്പുകൾ റദ്ദാക്കി. എന്നാൽ അന്ന് കാര്യമായ കാറ്റും മഴയും ഉണ്ടായതുമില്ല. ജില്ലയിലെ ഒമ്പത് ഡിപ്പോകളിൽ നിന്നായി 21 സർവീസുകളായിരുന്നു നടത്താനിരുന്നത്. ഈ ട്രിപ്പുകളിൽ നിന്നാണ് എട്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായത്. റെഡ് അലർട്ട് ഭീഷണി നിലനിന്നതോടെ മലക്കപ്പാറയിലേക്ക് ആറ് ട്രിപ്പുകൾ മാത്രം നടത്തി. ഈ ട്രിപ്പിൽ നിന്ന് 2 ലക്ഷത്തിൽ താഴെ മാത്രമാണ് വരുമാനം ലഭിച്ചത്.

അതേ സമയം നാളത്തെ മലക്കപ്പാറ ട്രിപ്പുകളെല്ലാം നടക്കും. 23ന് കാന്തല്ലൂർ, 25ന് രാമക്കൽമേട്, മാമലക്കണ്ടം, 26ന് മലക്കപ്പാറ, 27ന് ചതുരംഗപ്പാറ എന്നിങ്ങനെയാണ് മറ്റുട്രിപ്പുകൾ. നിലവിൽ ഗവിയിലേക്ക് 29, 30 തീയതികളിൽ ട്രിപ്പിട്ടിട്ടുണ്ട്. എറണാകുളം, കൂത്താട്ടുകുളം, കോതമംഗലം ഡിപ്പോകളിൽ നിന്ന് ഓരോ ട്രിപ്പുകളാണ് നടത്തുന്നത്. ഒരു ട്രിപ്പിൽ 36 പേ‌ർക്കായിരുന്നു അവസരം.

മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം വലിയ ജനപിന്തുണയാണ് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന് ലഭിച്ചത്. അവധിക്കാല ഉല്ലാസ യാത്രയ്ക്കായി നിരവധി ആളുകൾ കെ.എസ്.ആർ.ടി.സി ബസ് ബുക്ക് ചെയ്തു. ഏപ്രിലിൽ ജില്ലയിലെ അഞ്ച് ഡിപ്പോകൾ നടത്തിയ ട്രിപ്പുകളിൽനിന്ന് 31 ലക്ഷം രൂപയാണ് വരുമാനം ലഭിച്ചത്. ബഡ്‌ജറ്റ് ടൂറിസത്തോടെ ആനവണ്ടി ഫാൻസിന്റെ എണ്ണവും വ‌ർദ്ധിച്ചു.

ഇപ്പോൾ ഗവി അടച്ചിരിക്കുകയാണെങ്കിലും രണ്ടുദിവസത്തിനകം തുറക്കുമെന്നാണ് പ്രതീക്ഷ. ശക്തമായ മഴയിൽ ടൂറിസം നിരോധിച്ചാൽ മാത്രമേ ട്രിപ്പുകൾക്ക് മാറ്റം വരൂ.

പ്രശാന്ത് വേലിക്കകം

ബഡ്ജറ്റ് ടൂറിസം ജില്ലാ കോഓർഡിനേറ്റർ

Advertisement
Advertisement