ഒന്നാംവിള ഞാറ്റടിക്കു ആളിയാർ വെള്ളം ലഭ്യമാക്കണമെന്ന് കർഷകർ

Wednesday 22 May 2024 1:35 AM IST

പാലക്കാട്: നാല് ദിവസമായി പെയ്യുന്ന മഴ വലിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും ജില്ലയിൽ ഒന്നാംവിള ഞാറ്റടിക്ക് ആളിയാർ വെള്ളം ലഭ്യമായില്ലെങ്കിൽ കൃഷി അവതാളത്തിലാകുമെന്ന ആശങ്കയിലാണ് കർഷകർ.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴ ലഭിച്ചതോടെ ജില്ലയിൽ നെൽക്കൃഷിക്കുള്ള പ്രാരംഭ പ്രവൃത്തികൾ പലയിടങ്ങളിലും ആരംഭിച്ചിരുന്നു. എന്നാൽ തുടർ ജോലികൾക്ക് കനാൽവഴി കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തണം. നടപ്പ് ജലവർഷം അവസാനിക്കാനിരിക്കെ പറമ്പിക്കുളം -ആളിയാർ കരാർ പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ടത് 7.25 ടി.എം.സി വെള്ളമാണ്. ഇതിൽ 5.172 ടി.എം.സി മാത്രമാണ് തമിഴ്നാട് നൽകിയിട്ടുള്ളത്. ഇനിയും 2 ടി.എം.സിയിലധികം ലഭ്യമാകാനുണ്ട്. നിലവിൽ മേയ് രണ്ടാംപകുതി മുതൽ കേരളത്തിന് നൽകേണ്ട വെള്ളം പോലും നൽകാൻ തമിഴ്നാട് തയാറാകുന്നില്ലെന്നും കർഷകർ കുറ്റപ്പെടുത്തുന്നു. ജലകരാർ പ്രകാരം മേയ് 15 മുതൽ സെക്കൻഡിൽ 400 ഘനയടി എന്ന തോതിൽ വെള്ളം നൽകേണ്ട സ്ഥാനത്ത് സെക്കൻഡിൽ 165 ഘനയടി മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളിൽ ആവശ്യത്തിനുള്ള വെള്ളം ഉണ്ടായിട്ടുപോലും കേരളത്തിനു അർഹതപ്പെട്ട വെള്ളം നൽകാൻ തമിഴ്നാട് തയാറാകുന്നില്ല. സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് കരാർ പ്രകാരം വെള്ളം ലഭ്യമാക്കിയില്ലെങ്കിൽ ഒന്നാം വിളയിറക്കലും കൊയ്ത്തും വൈകിയേക്കും.

കനാൽ നവീകരണവും പ്രതിസന്ധിയാകും

ഒന്നാംവിള വൈകിയാൽ അത് രണ്ടാംവിളയിറക്കലിനെയും കൊയ്ത്തിനെയും ബാധിക്കും. ഫെബ്രുവരി പകുതിയോടെയെങ്കിലും കൊയ്ത്ത് കഴിഞ്ഞെങ്കിൽ മാത്രമേ കനാലുകളുടെ നവീകരണ പ്രവൃത്തികൾ നടത്താനാകൂ. നിലവിൽ നബാർഡ്, പ്ലാൻ ഫണ്ട്, നോൺ പ്ലാൻ ഫണ്ട്, കാഡ തുടങ്ങി വിവിധയിനങ്ങളിലായി 22 കോടി രൂപ കനാൽ നവീകരണത്തിനു ലഭിച്ചിട്ടുണ്ട്. ഇനിയും 40 കോടിയോളം രൂപ ലഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൊയ്ത്ത് യഥാസമയം പൂർത്തിയാക്കിയില്ലെങ്കിൽ കനാൽ നവീകരണം അവതാളത്തിലാകും, ഫണ്ടും നഷ്ടപ്പെടും.

Advertisement
Advertisement