തൂത -മുണ്ടൂർ പാത നവീകരണം അവസാനഘട്ടത്തിൽ

Wednesday 22 May 2024 1:38 AM IST
തൂത പാലം

മുണ്ടൂർ: മുണ്ടൂർ മുതൽ തൂതവരെയുള്ള സംസ്ഥാന പാത നവീകരണം അവസാനഘട്ടത്തിൽ. നിലവിൽ മുണ്ടൂരിനും തിരുവാഴിയോടിനും ഇടയിലാണ് പുനർനിർമ്മാണം പൂർത്തിയായിട്ടുള്ളത്. പ്രതലം റീടാറിംഗ് പൂർത്തിയായി. ഓവുചാൽ ക്രമീകരണം ഉൾപ്പെടെയുള്ള ജോലികളാണ് ഇനി ബാക്കിയുള്ളത്. തൂത-മുണ്ടൂർ പാത നവീകരണം പൂർത്തിയായാലും ജില്ലയുടെ അതിർത്തി പങ്കിടുന്ന ചെർപ്പുളശ്ശേരി നഗരസഭ പ്രദേശത്തെയും ആലിപറമ്പ് പഞ്ചായത്തിനെയും കൂട്ടിയിണക്കുന്ന തൂതപ്പുഴക്ക് കുറുകെയുള്ള പാലം വീതികൂട്ടുന്ന പ്രവൃത്തികൾ ആരംഭിക്കാൻ ഓണംവരെ കാത്തിരിക്കേണ്ടിവരും. മുണ്ടൂർ -തൂത പാതയിൽ ഒമ്പത് ചെറിയ പാലങ്ങളും രണ്ട് വലിയ പാലങ്ങളുമാണ് പദ്ധതി രൂപരേഖയിലുള്ളത്. ഇവയിൽ കടമ്പഴിപ്പുറം തീയ്യറ്റർ പരിസരത്തെ കാഞ്ഞിരപ്പുഴ കനാൽ പാലം വീതി കൂട്ടിയിരുന്നു. ഒന്നര വർഷം മുമ്പാണ് ഇതിന്റെ പ്രവൃത്തികൾ പൂർത്തിയാക്കിയത്. ഇനി തൂത പാലം പഴയ ഘടന നിലനിർത്തി വീതികൂട്ടുന്ന പ്രവർത്തനം കാലവർഷത്തിന് ശേഷം തുടങ്ങാനാണ് ആലോചന. തൂത പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നതിന്റെ പ്രാരംഭ നടപടികൾ മാർച്ചിൽ ആരംഭിച്ചിരുന്നു.

364 കോടിയുടെ പദ്ധതി
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരമാണ് 32 കിലോമീറ്റർ ദൈർഘ്യമേറിയ മുണ്ടൂർ - തൂത പാത 20 മീറ്റർ വീതിയിൽ നിർമ്മിക്കുന്നത്. 364 കോടി രൂപയുടെ പദ്ധതിയാണിത്. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ.എം.സി കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തത്.

ഉദ്ഘാടത്തിന് സമയമെടുക്കും

2022 ജൂണിൽ നവീകരണം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാർ നിഷ്‌കർഷിച്ചെങ്കിലും കൊവിഡ്, തൊഴിലാളി ക്ഷാമം, മഴ ഉൾപ്പെടെ പ്രതികൂല സാഹചര്യം പരിഗണിച്ച് 2024 ഏപ്രിലിനകം റോഡ് പണി പൂർത്തിയാക്കാൻ സർക്കാർ സാവകാശം നൽകി. ഇനി റോഡ് പണി തീർന്നാലും പാതയോട് ചേർന്ന പാത, ഓവ്, ഓവുചാൽ എന്നിവയുടെ ക്രമീകരണം നല്ല രീതിയിൽ ഒരുക്കാൻ സമയമെടുക്കും.

Advertisement
Advertisement