കേരള പൊലീസിന് എൻ.ഐ.ടിയിൽ പരിശീലനം

Wednesday 22 May 2024 12:51 AM IST
കേരള പൊലീസിലെ ഉദ്യോഗസ്ഥർക്കായി നെറ്റ്‌വർക്കും സുരക്ഷയും എന്ന വിഷയത്തിൽ എൻ.ഐ.ടിയിൽ നടന്ന പരിശീലന പരിപാടിയിൽ എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ പ്രസംഗിക്കുന്നു

കുന്ദമംഗലം: കേരള പൊലീസിലെ ഉദ്യോഗസ്ഥർക്കായി നെറ്റ്‌വർക്കും സുരക്ഷയും എന്ന വിഷയത്തിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഹ്രസ്വകാല പരിശീലന പരിപാടി സംഘടിപ്പിച്ചു. സെന്റർ ഫോർ ഇൻഫർമേഷൻ ടെക്‌നോളജി, റിസർച്ച് ആൻഡ് ഓട്ടോമേഷൻ , സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ആൻഡ് സ്കിൽ ഡെവലപ്മെന്റ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അനൂജ് പലിവാൾ സെഷനുകൾ ഉദ്ഘാടനം ചെയ്തു. എല്ലാ ബാങ്ക് അക്കൗണ്ടുകളും പാസ്‌വേഡുകളും രേഖകളും സർക്കാർ ഫയലുകളും ഓൺലൈനിൽ കൈകാര്യം ചെയ്യുന്നതിനാൽ സൈബർ സുരക്ഷ അടിസ്ഥാന സൗകര്യങ്ങളിൽ നിർണായക ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.

രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിശീലനത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 20 പോലീസ് ഉദ്യോഗസ്ഥരും സയന്റിഫിക് ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. സൈബർ സുരക്ഷാ സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിനായി എൻ.ഐ.ടി.സിയും കേരള പൊലീസ് സൈബർഡോമും അടുത്തിടെ ഒരു ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പരിശീലനം.

സൈബർ സുരക്ഷാ പരിശീലന പരിപാടികൾ ഉറപ്പാക്കുന്നതിന്റെയും ക്രൈം ഇൻവെസ്റ്റിഗേറ്റീവ് ടെക്നിക്കുകൾ വികസിപ്പിക്കുന്നതിന്റെയും ഭാഗമായി എൻ.ഐ.ടി.സിയിലെ വിദഗ്ധ അദ്ധ്യാപകരുടെ അറിവും സാങ്കേതിക പരിജ്ഞാനവും കേരള പൊലീസിന് പ്രയോജനപ്രദമാക്കുകയാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. സ്ഥാപനത്തിലുള്ള ഡിജിറ്റൽ ഇൻഫർമേഷൻ ടെക്‌നോളജി മേഖലകളിലെ സാങ്കേതിക വിദഗ്ധരുടെയും സൈബർ പ്രൊഫഷണലുകളുടെയും ലഭ്യത പരിശീലന പരിപാടിക്കായി പ്രയോജനപ്പെടുത്തുണ്ട്. ഡോ. വി.സജിത്ത്, സിട്രാ ചെയർപേഴ്സൺ ഡോ.എസ്.ഡി.മധുകുമാർ, ഡോ.ഹിരൺ വി.നാഥ്, എൻ.ഐ.ടി.സി രജിസ്ട്രാർ കമാൻഡർ ഡോ.എം.എസ്.ശാമസുന്ദര, ഡോ. ജി. ജഗദാനന്ദ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement