ക്രിസിൽ റേറ്റിംഗിൽ രണ്ടാം വർഷവും ഇൻഫോപാർക്ക് മുന്നിൽ

Wednesday 22 May 2024 12:24 AM IST

കൊച്ചി: ഇൻഫോപാർക്ക് കൊച്ചി തുടർച്ചയായ രണ്ടാംവർഷവും ക്രിസിലിന്റെ എ സ്റ്റേബിൾ റേറ്റിംഗ് കരസ്ഥമാക്കി. മൂലധനം ശേഖരിക്കുന്നതിലെ കാര്യക്ഷമതയും കടബാദ്ധ്യത കുറച്ചതും ഉൾപ്പെടെയുള്ള ധനസ്ഥിതികണക്കിലെടുത്താണ് റേറ്റിംഗ്. ഇൻഫോപാർക്ക് സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള സാദ്ധ്യത കുറവാണെന്ന് ക്രിസിൽ വിലയിരുത്തി. കടബാദ്ധ്യത നിയന്ത്രണവിധേയമായതിനാൽ പലിശ ഇനത്തിലുള്ള ചെലവുകൾ താരതമ്യേന കുറവാണ്.

സംസ്ഥാന സർക്കാരിന്റെ ധനസഹായമാണ് ഇൻഫോപാർക്കിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നത്. ഭാവിയിലും സർക്കാർ ധനസഹായം ഇൻഫോപാർക്കിന് ലഭിക്കാമെന്ന് ക്രിസിൽ റിപ്പോർട്ടിൽ പറയുന്നു.

രണ്ട് ദശകമായി തുടരുന്ന ശക്തമായ സാമ്പത്തിക അടിത്തറയും അതിവേഗ വളർച്ചയുമാണ് ക്രിസിൽ റേറ്റിംഗ് വ്യക്തമാക്കുന്നതെന്ന് ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ പറഞ്ഞു. വൻകിട കമ്പനികൾ ഉൾപ്പെടെ കേരളത്തിലെ ഐ.ടി പാർക്കുകളെ പ്രധാനകേന്ദ്രമായി തിരഞ്ഞെടുക്കുന്നതും മികവിന്റെ അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇൻഫോപാർക്കിലെ സ്ഥലത്തിന്റെ 85 ശതമാനവും ഉപയോഗപ്പെടുത്താനായെന്നതാണ് വലിയ നേട്ടം. വാടകയിനത്തിൽ 20 ശതമാനം വർദ്ധന സ്ഥാപനത്തിന്റെ വളർച്ചയുടെ സൂചനയാണ്.

ക്രിസിൽ

കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തികപ്രകടനവും ബാങ്കിംഗ് സാദ്ധ്യതകളും പരിശോധിക്കുന്ന റേറ്റിംഗ് ഏജൻസിയാണ് ക്രിസിൽ. 1987ൽ സ്ഥാപിതമായ ഏജൻസിയുടെ റിപ്പോർട്ടുകൾ ബാങ്കിംഗ് ആവശ്യത്തിനും വിദേശ വായ്പയടക്കമുള്ളവയ്ക്കും സഹായകമാണ്.

Advertisement
Advertisement